ലോഹി സാറിനൊപ്പമുള്ള ഒരു സിനിമ കൊണ്ട് അഭിനയത്തിന്റെ പല തലങ്ങളെനിക്ക് മനസിലായി’; പൃഥ്വിരാജ്

മലയാളത്തിന്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ ഓര്‍മ്മദിനത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി നടന്‍ പൃഥ്വിരാജ്. അഭിനയത്തില്‍ തന്റെ ഗുരുനാഥന്‍മാരില്‍ ഒരാളായിരുന്നു ലോഹി സര്‍. അദ്ദേഹത്തോടൊപ്പമുള്ള ഒരു സിനിമകൊണ്ട് അഭിനയത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് മനസിലാക്കാനായി എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

2003ല്‍ പുറത്തിറങ്ങിയ ചക്രം എന്ന സിനിമയാണ് പൃഥ്വിരാജ് നായകനായ ലോഹിതദാസ് ചിത്രം. ചക്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പൃഥ്വി കുറിപ്പ് പങ്കുവെച്ചത്.

‘അഭിനയത്തില്‍ എന്റെ ഗുരുനാഥന്‍മാരില്‍ ഒരാളാണ് ലോഹി സര്‍. അദ്ദേഹത്തോടൊപ്പമുള്ള ഒരൊറ്റ സിനിമ കൊണ്ട് അഭിനയത്തിന്റെ പല തലങ്ങളെ കുറിച്ച് എനിക്ക് മനസിലായി. അദ്ദേഹത്തോടൊപ്പം മറ്റൊരു ചിത്രം ചെയ്യാനിരിക്കവെയാണ് അദ്ദേഹം നമ്മെ വിട്ട് പോകുന്നത്. അതെന്നും എന്റെ വലിയൊരു നഷ്ടമായിരിക്കും. എന്നും നമ്മുടെ മനസിലുണ്ട്. ഇതിഹാസം.’

പൃഥ്വിരാജ്

2009ലാണ് ലോഹിതദാസ് എന്ന ഇതിഹാസം മരണപ്പെടുന്നത്. ഹൃദയാഘാദം മൂലമായിരുന്നു മരണം. 1987ലെ തനിയാവര്‍ത്തനം എന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടിയാണ് ലോഹിതദാസ് ആദ്യമായി തിരക്കഥ എഴുതിയത്. പിന്നീട് 35ഓളം തിരക്കഥകള്‍ അദ്ദേഹത്തിന്റെ 24 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ രചിച്ചു. നടന്‍ തിലകനിലൂടെയാണ് ലോഹിതദാസ് സംവിധായകന്‍ കെ ജി ജോര്‍ജിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന കെ ജി ജോര്‍ജില്‍ നിന്നാണ് അദ്ദഹം തിരക്കഥയുടെ ആദ്യ പാഠങ്ങള്‍ പഠിക്കുന്നത്.

ആറ് കേരള സംസ്ഥാന പുരസ്‌കാരം, മികച്ച പുതുമുഖ സംവിധാകനുള്ള ഇന്ദിരാ ഗാന്ധി പുരസ്‌കാരം ലഭിച്ചു. അതിന് പുറമെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാനം ആരംഭിച്ചത്. പിന്നീട് 11 സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഭൂതക്കണ്ണാടി, കന്‍മദം, ജോക്കര്‍, സൂത്രധാരന്‍ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത പ്രമുഖ ചിത്രങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *