ലോകായുക്ത ഭേദഗതി; സിപിഐയെ അനുനയിപ്പിക്കാൻ നീക്കവുമായി സിപിഐഎം

ലോകായുക്ത ഭേദഗതിയിൽ സിപിഐയെ അനുനയിപ്പിക്കാൻ നീക്കവുമായി സിപിഐഎം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കോടിയേരി ബാലകൃഷ്ണൻ ചർച്ച നടത്തും. രാഷ്ട്രീയ ആലോചന ഇല്ലാതെ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചതിൽ ഉള്ള എതിർപ്പ് കാനം കോടിയേരിയെ അറിയിക്കും.

അടുത്ത മാസം നിയമസഭ ചേരാനിരിക്കെ തിടുക്കത്തിൽ ഓർഡിനേൻസ് ഇറക്കിയതിനെ കാനം രണ്ട് തവണ പരസ്യമായി വിമർശിച്ചിരുന്നു. ലോകയുക്ത നിയമത്തിലെ 14 ആം വകുപ്പ് ഭരണഘടനയെ മറികടക്കുമെന്ന എ ജി യുടെ നിയമോപദേശം കൊണ്ടാണ് ഭേദഗതി കൊണ്ട് വന്നതെന്നാണ് സി പിഐ എം വിശദീകരണം.

അതിനിടെ നിയമത്തിൽ ഭേദഗതി കൊണ്ട് വരുന്നു എന്നല്ലാതെ എന്താണ് ഭേദഗതി എന്നതിനെ കുറിച്ച് മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്നാണ് പാർട്ടി മന്ത്രിമാർ സിപിഐ സംസ്ഥാന നേതൃത്വത്തോട് വിശദീകരിച്ചത്.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ല. ഇതാണ് കാനത്തെ ചൊടിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *