മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിന് എതിരെ പ്രതിഷേധത്തില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. Y

കോട്ടയം മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിന് എതിരെ പ്രതിഷേധത്തില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന് എതിരെ മണ്ണെണ്ണ ഒഴിച്ചതിനും വനിതാ പൊലീസിനെ ആക്രമിച്ചതിനും ജിജി ഫിലിപ്പ് ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കല്ലിടലിന് എതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്ന മാടപ്പള്ളിയിലും ചോറ്റാനിക്കരയിലും ഇന്ന് കല്ലിടല്‍ വീണ്ടും തുടങ്ങും. സര്‍വേ കല്ലുകള്‍ പിഴുതെറിയുന്നവര്‍ക്കെതിരെ കേസെടുക്കും. കല്ലുകള്‍ പിഴുതെറിയുന്നവരില്‍ നിന്ന് പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം. പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

അതേ സമയം സില്‍വര്‍ലൈന് എതിരെയുള്ള സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് യൂത്ത് കോണ്‍ഗ്രസ് ഇന്ന് കളക്ട്രേറ്റുകളില്‍ പ്രതിഷേധ സര്‍വേക്കല്ല് സ്ഥാപിക്കും. യൂത്ത് കോണ്‍ഗ്രസ് സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കും.

മാടപ്പള്ളിയില്‍ നാട്ടുകാരുടെ പ്രതിഷേധം സംഘര്‍ഷമായി മാറുകയും സമരക്കാര്‍ക്കെതിരെ പൊലീസിന്റെ ബലപ്രയോഗം ഉണ്ടാകുകയും ചെയ്തിരുന്നു. സ്ത്രീകളെ വലിച്ചിഴയ്ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിഷേധത്തിന് നേരെയുണ്ടായ അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്ന യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *