ബുൾഡോസറുകൾ ഉപയോ​ഗിച്ച് കെട്ടിടം പൊളിച്ചത് നിയമ വിധേയമാണെന്ന് സുപ്രീംകോടതിയിൽ യു.പി സർക്കാർ.

ബുൾഡോസറുകൾ ഉപയോ​ഗിച്ച് കെട്ടിടം പൊളിച്ചത് നിയമ വിധേയമാണെന്ന് സുപ്രീംകോടതിയിൽ യു.പി സർക്കാർ. പ്രവാചക വിരുദ്ധ പരാമർശത്തിനെതിരേ പ്രതിഷേധിച്ചവരുടെ വീടുകൾ പൊളിച്ചു നീക്കിയ യു.പി സർക്കാർ നടപടി ചോദ്യം ചെയ്ത് ജംയത്തുൾ ഉലമ നൽകിയ ഹർജിയിലാണ് യു.പി സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. ആരോപണം അടിസ്ഥാന രഹിതമാണെന്നും കൃത്യമായ നിയമ നടപടി സ്വീകരിച്ചിരുന്നെന്നും ഉത്തർപ്രദേശ് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

പ്രയാഗ് രാജിലും, കാൺപൂരിലും 1973 ലെ ഉത്തർപ്രദേശ് അർബൻ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് ആക്ട് പ്രകാരം മുൻകൂർ നോട്ടീസ് നൽകിയ ശേഷമാണ് അനധികൃത കെട്ടിടങ്ങൾ പൊളിച്ചതെന്ന് സർക്കാർ പറഞ്ഞു.

പ്രയാഗ് രാജ് വികസന അതോറിറ്റി ചട്ടങ്ങൾ ലംഘിച്ച് നടത്തിയ നിർമാണമായതിനാലാണ് വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് പൊളിച്ചതെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ യു.പി സർക്കാർ വ്യക്തമാക്കിട്ടുണ്ട്. കെട്ടിടങ്ങൾ നഷ്ടപെട്ട ആരും കോടതിയെ സമീപിച്ചിട്ടില്ല. നിയമപരമായി നടക്കുന്ന നടപടിക്രമങ്ങൾക്ക് മറ്റ് അർത്ഥം നൽകാൻ ആണ് ജംയത്തുൾ ഉലമ ശ്രമിക്കുന്നതെന്നും ഉത്തർപ്രദേശ് സർക്കാർ ആരോപിച്ചു.

പ്രവാചക നിന്ദക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരുടെ വീടുകൾ പ്രയാഗ് രാജിലും, കാൺപൂരിലും ഉൾപ്പെടെ പൊളിച്ചു നീക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ജംയത്തുൾ ഉലമ സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് പൊളിക്കൽ നടപടികൾ സ്റ്റേ ചെയ്തില്ലെങ്കിലും, നിയമം പാലിച്ച് മാത്രമേ കെട്ടിടങ്ങൾ പൊളിക്കാൻ പാടുള്ളു എന്ന് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും, വിക്രം നാഥും അടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *