പ്രിയങ്കയുടെ ചിത്രങ്ങളുമായി പത്തു ലക്ഷം കലണ്ടറുകള്‍; യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ?

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രിയങ്കാ ഗാന്ധിയുടെ ചിത്രങ്ങള്‍ അടങ്ങുന്ന കലണ്ടര്‍ അച്ചടിച്ച് കോണ്‍ഗ്രസ്. പ്രിയങ്കയുടെ മുഴുനീള ചിത്രമുള്ള 12 പേജുള്ള പത്തു ലക്ഷം കലണ്ടറാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ പ്രിയങ്ക കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ് കലണ്ടര്‍ വിതരണം.

യുപിയില്‍ നിന്നുള്ള ചിത്രങ്ങളാണ് കലണ്ടറില്‍ നിറയെ. സോന്‍ഭദ്രയിലെ ആദിവാസി സ്ത്രീകളുമായി സംസാരിക്കുന്നത്, അമേഠിയിലെ സ്ത്രീകളുമായി ആശയവിനിമയം നടത്തുന്നത്, ഉജ്ജയ്‌നിലെ മഹകാല്‍ ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്, ലഖ്‌നൗവിലെ ഗാന്ധി ജയന്തി ദിനത്തില്‍ പങ്കെടുക്കുന്നത്, വാരാണസിയിലെ രവിദാസ് ജയന്തിയില്‍ പങ്കെടുക്കുന്നത്, ഹാഥ്‌റസ് ഇരയുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്, തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നത്, അസംഗഡില്‍ കുട്ടികളുമായി സംസാരിക്കുന്നത്… ഇങ്ങനെ കൃത്യമായ രാഷ്ട്രീയം പറയുന്നതാണ് കലണ്ടറിലെ ഉള്ളടക്കം.നേരത്തെ, സഹോദരന്‍ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലും സമാനമായ രീതിയില്‍ കലണ്ടര്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ രാഹുലിന്റെ കലണ്ടറില്‍ വയനാട്ടില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ആളുകളുടെ ചിത്രമാണ് ഇടംപിടിച്ചിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *