പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായിതിനെ തുടര്‍ന്ന് നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ നടപടികള്‍ റദ്ദാക്കി സഭ പിരിഞ്ഞു

രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തെ തുടര്‍ന്നുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായിതിനെ തുടര്‍ന്ന് നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ നടപടികള്‍ റദ്ദാക്കി സഭ പിരിഞ്ഞു. ശ്രദ്ധക്ഷണിക്കല്‍, സബ്മിഷന്‍ എന്നീ നടപടികള്‍ റദ്ദാക്കിയതിന് ഒപ്പം ടി സിദ്ദീഖ് എംഎല്‍എ നല്‍കിയ അടിയന്തരപ്രമേയവും പരിഗണിച്ചില്ല.

ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് സഭ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ശേഷം സഭ പുനഃരാരംഭിച്ചപ്പോഴും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടര്‍ന്നതിനെ തുടര്‍ന്ന് നടപടികള്ഡ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

അതേസമയം നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡിന് ഉണ്ടായ ആശയക്കുഴപ്പമാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷനേതാവിന്റെയും മന്ത്രിമാരുടെയും ഓഫീസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോകാമെന്നും സ്പീക്കറുടെ പ്രസ് സെക്രട്ടറി അറിയിച്ചു. രാവിലെ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഉണ്ടായിരുന്നത്. മീഡിയ റൂമിലേക്ക് മാത്രമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കിയിരുന്നത്.

സഭയിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് നല്‍കിയില്ല. പിആര്‍ഡി നല്‍കുന്ന ദൃശ്യങ്ങള്‍ മാത്രമാണ് മാധ്യമപ്രവര്‍ക്ക് ലഭിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഒരു ദൃശ്യവും സഭ ടിവിയില്‍ നല്‍കിയില്ല. ഭരണപക്ഷ ദൃശ്യങ്ങള്‍ മാത്രമാണ് നല്‍കിയത്. സഭ നിര്‍ത്തിവെച്ചിട്ടും പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ അംഗങ്ങളും പരസ്പരം മുദ്രാവാക്യം വിളികള്‍ മുഴക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *