പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിക്കിടെയില്‍ ചെറിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സംഘാടകരും ഉത്തരവാദികളാണെന്ന് ഹൈക്കോടതി

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിക്കിടെയില്‍ ചെറിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സംഘാടകരും ഉത്തരവാദികളാണെന്ന് ഹൈക്കോടതി. റാലിയില്‍ എന്തും വിളിച്ച് പറയാമോയെന്ന് ചോദിച്ച കോടതി വിളിച്ചവര്‍ക്ക് മാത്രമല്ല സംഘാടകര്‍ക്കും സംഭവത്തില്‍ ഉത്തരവാദിത്വമുണ്ടെന്ന് വ്യക്തമാക്കി. സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

റാലിക്ക് എതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? വിദ്വേഷപരമായ മുദ്രാവാക്യം ഉയരുമ്പോള്‍ ശക്തമായ നടപടി ആവശ്യമില്ലേ? എന്തുകൊണ്ടാണ് ഇത് തടയാന്‍ കഴിയാത്തത്? സംഘാടകര്‍ക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്നും കോടതി ചോദിച്ചു. ബജ്റങ്ദള്‍, പോപുലര്‍ ഫ്രണ്ട് റാലികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് പരിപാടികള്‍ക്ക് മുമ്പ് ആലപ്പുഴ എസ്.ഡി കോളജിലെ ഒരു അധ്യാപകന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

ആര് വിദ്വേഷ മുദ്രാവാക്യം വിളിച്ചാലും ശക്തമായ നടപടിയെടുക്കണം. ആലപ്പുഴയിലെ സംഭവം ദൗര്‍ഭാഗ്യകരമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. അന്വേഷണം മുന്നോട്ട് പോകുകയാണ്. രണ്ടു പേരെ അറസ്റ്റ് ചെയ്‌തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്്. മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി മാറി. അതേസമയം മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടിയുടെ പള്ളുരുത്തിയിലെ ബന്ധുക്കളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *