പിടിതരാതെ ഉമ്മന്‍ചാണ്ടി; സസ്പെന്‍സ് നിറച്ച് നേമം

കേരള രാഷ്ട്രീയത്തിലെ സകല സസ്പെന്‍സും നിറച്ച് വച്ചിരിക്കുകയാണ് നേമം. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തുമെന്ന അഭ്യൂഹങ്ങളാണ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലാകെ നിറഞ്ഞ് നിന്നത്. നേമത്ത് പോരിന് ആരെത്തുമെന്ന ചോദ്യത്തില്‍ നിന്നും അവസാന നിമിഷവും ഉമ്മന്‍ചാണ്ടിയടക്കം പിടിതരാതെ വഴുതി മാറുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ ആകാംക്ഷയുടെ മുള്‍ മുനയിലാക്കുന്നു.

കേരളത്തിലെ ബി.ജെ.പിയുടെ ഏക സിറ്റിങ് സീറ്റ്. അവിടെ ഏറ്റവും കരുത്തനായ നേതാവിനെ പോരിന് ഇറക്കിയാല്‍ കിട്ടുന്ന രാഷ്ട്രീയ നേട്ടങ്ങളായിരുന്നു കോണ്‍ഗ്രസിനെ അത്തരമൊരു ആലോചനയിലേക്ക് എത്തിച്ചത്. കണക്കുകളില്‍ മൂന്നാം സ്ഥാനത്തുള്ള നേമം പിടിക്കുന്നതിനപ്പുറം അത് കേരളത്തിന് നല്‍കുന്ന സന്ദേശത്തിലായിരുന്നു കോണ്‍ഗ്രസിന്‍റെ കണ്ണ്. എന്നാല്‍ ചര്‍ച്ച തുടങ്ങും മുന്‍പെ വിവരം ചോര്‍ന്നു. അതോടെ ഉമ്മന്‍ചാണ്ടി താനില്ലെന്ന സൂചന നല്‍കി തന്‍റെ നിയമസഭാ ചരിത്രത്തെ ചേര്‍ത്ത് പറഞ്ഞ് പുതുപ്പള്ളി തന്നെയെന്ന് അരക്കിട്ടുറപ്പിച്ചു. പിന്നീട് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഡല്‍ഹിയിലേക്ക് എത്തിയപ്പോള്‍ വീണ്ടും നേമം ശ്രദ്ധാകേന്ദ്രമായി.

കെ. മുരളീധരനെന്ന ക്രൈസിസ് മാനേജറിലേക്കായി കോണ്‍ഗ്രസ് നേതാക്കളുടെ കണ്ണ്. പക്ഷേ എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് വ്യവസ്ഥ മുരളീധരനെ ചുമതലപ്പെടുത്തി സ്വയം ഉള്‍വലിയാനുള്ള നേതാക്കളുടെ മോഹത്തിന് തടസമായി. ഒപ്പം താന്‍ മാത്രം റിസ്ക് എടുത്താല്‍ മതിയോയെന്ന മുരളീധരന്‍റെ നിലപാടും നേതാക്കളെ ആശയ കുഴപ്പത്തിലാക്കി. നേമത്ത് മുതിര്‍ന്ന നേതാവ് തന്നെ വേണമെന്ന് ഹൈക്കമാന്‍ഡിന്‍റെ കടുംപിടുത്തം. ഇതോടെ സ്ക്രീനിങ് കമ്മറ്റിയില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വരെ പാതി സമ്മതം മൂളേണ്ടി വന്നു. വീണ്ടും ഉമ്മന്‍ചാണ്ടിയെന്ന് സൂചനകള്‍. എന്നാല്‍ പിടിതരാതെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

സ്ക്രീനിങ് കമ്മറ്റിയും കടന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനത്തിലേക്ക് കാത്തിരിപ്പ് നീളുന്നു. എന്നാല്‍ നേമത്ത് കോണ്‍ഗ്രസിന് പ്രസക്തിയില്ലെന്നാണ് ബി.ജെ.പിയുടെ വാദം. കരുത്തനായ നേതാവിനെ കോണ്‍ഗ്രസ് നേമത്ത് പോരിനിറക്കിയാല്‍ ബി.ജെ.പി മറ്റിടങ്ങളില്‍ കോണ്‍ഗ്രസിന് എതിരെ ക്രോസ് വോട്ടിങ് നടത്തുമോയെന്ന ആശങ്കയും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എങ്കിലുമുണ്ട്. എന്തായാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരെയും സസ്പെന്‍സ് തുടരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *