നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം.

നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം. കടുത്ത ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ചു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം, സംസ്ഥാനം വിട്ടു പോകാന്‍ പാടില്ല, അതിജീവിതയെയോ കുടുംബത്തെയോ അപമാനിക്കാന്‍ പാടില്ല, എന്നിവയാണ് ഉപാധികള്‍.

തിങ്കളാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു.

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബഞ്ചിന്റേതാണ് ഉത്തരവ്. കേസിലെ നടപടി ക്രമങ്ങള്‍ രഹസ്യമായാണു നടത്തിയത്. സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി.

മാര്‍ച്ച് 16നും 22 നുമായി വിജയ് ബാബു പീഡിപ്പിച്ചെന്നാരോപിച്ചാണു നടി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ തന്റെ പുതിയ സിനിമയില്‍ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് ഇവര്‍ പീഡനപ്പരാതി നല്‍കിയതെന്നാണ് വിജയ് ബാബുവിന്റെ വാദം. പരാതിക്കാരിയായ നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന മൊഴിയാണ് വിജയ് ബാബു ആവര്‍ത്തിച്ചത്. 40 പേരുടെ മൊഴികള്‍ അന്വേഷണ സംഘം രേഖപ്പെടുത്തി.

നേരത്തേ, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനു റജിസ്റ്റര്‍ ചെയ്ത കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നതെന്നു വിലയിരുത്തിയാണു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജി തള്ളിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *