തുര്‍ക്കിയെ തറപറ്റിച്ച് ഇറ്റലിയുടെ തുടക്കം; യുറോയില്‍ പന്തുരുണ്ട് തുടങ്ങി

യൂറോ കപ്പ് ഫുട്‌ബോളില്‍ കറുത്ത കുതിരകളായി മാറുമെന്ന് പ്രതീക്ഷിച്ച തുര്‍ക്കിയെ തുരത്തി മുന്‍ ചാമ്പ്യന്മാരായ ഇറ്റലിക്ക് മികച്ച തുടക്കം. ഇന്നലെ റോമില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തുര്‍ക്കിപ്പടയെ നിലംതൊടാതെ പറപ്പിച്ച് അസൂറികള്‍ ആദ്യ ജയം നേടി.

ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു മത്സരത്തിലെ മൂന്നു ഗോളുകളും. തുര്‍ക്കി താരം മെറിഹ് ഡെമിറെയുടെ സെല്‍ഫ് ഗോളില്‍ ആദ്യം മുന്നിലെത്തിയ ഇറ്റലിക്കായി 66-ാം മിനിറ്റില്‍ സിറോ ഇമ്മൊബൈല്‍, 79-ാം മിനിറ്റില്‍ ലോറെന്‍സോ ഇന്‍സിഗെ എന്നിവരാണ് ഇറ്റലിയുടെ ഗോളുകള്‍ നേടിയത്.

തുര്‍ക്കി പതിവ് കളി ശൈലി മാറ്റി വെച്ച ഇറ്റലിയുടെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ തകരുന്ന കാഴ്ചയാണ് ആദ്യ മത്സരത്തില്‍ കണ്ടത്. ആദ്യ നിമിഷം മുതല്‍ തുര്‍ക്കി ഗോള്‍ മുഖത്തേക്ക് ഇറ്റാലിയന്‍ മുന്നേറ്റ നിര കുതിച്ചെത്തിയപ്പോള്‍ തുര്‍ക്കിഷ് യുവനിര പൂര്‍ണമായും പ്രതിരോധത്തിലേക്കു വലിഞ്ഞു.

ഇതോടെ ആദ്യപകുതിയില്‍ ചുരുക്കം ചില ഗോള്‍ ശ്രമങ്ങള്‍ മാറ്റി വെച്ചാല്‍ വിരസം മത്സരം പൂര്‍ണമായും വിരസമായിരുന്നു. എന്നാല്‍ കളിയുടെ ആദ്യ 45 മിനിറ്റിനു നേര്‍ വിപരീതമായിരുന്നു രണ്ടാം പകുതി. തുര്‍ക്കിഷ് പ്രതിരോധത്തിന്റെ പിടിപ്പുകേടുകള്‍ മുതലെടുത്ത് ഇറ്റാലിയന്‍ താരങ്ങള്‍ ഇരമ്പിയാര്‍ത്തപ്പോള്‍ മത്സരം ആവേശകരമായി.

53-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. തുര്‍ക്കിയുടെ ഭാഗത്തെ അല്‍പം ദൗര്‍ഭാഗ്യം കൂടിയുണ്ടായി ആ ഗോളിനു പിന്നില്‍. വലത് വിങ്ങില്‍ നിന്ന് ഡൊമനിക്കോ ബെറാര്‍ഡി ബോക്‌സിലേക്ക് നല്‍കിയ ക്രോസ് തുര്‍ക്കി പ്രതിരോധതാരം ഡെമിറെയുടെ ദേഹത്ത് തട്ടി ഗോള്‍ വര കടക്കുകയായിരുന്നു.

ലീഡ് നേടിയതോടെ ഇറ്റലി വീണ്ടും സ്വതസിദ്ധ കേളീശൈലിയിലേക്കു മടങ്ങി. എന്നാല്‍ ആക്രമിക്കാന്‍ മാത്രം മറന്നില്ല. 66 മിനിറ്റില്‍ ലാസിയോ താരം സീറോ ഇമ്മോബൈലിലൂടെ ഇറ്റലി വീണ്ടും ലീഡ് ഉയര്‍ത്തി. ലിയനാര്‍ഡോ സ്പിന്‍സോളയുടെ ഷോട്ട് തുര്‍ക്കി ഗോളി കാക്കിര്‍ തട്ടിയകറ്റിയെങ്കിലും ബോക്‌സില്‍ ഉണ്ടായിരുന്ന ഇമ്മോബൈല്‍ അനായാസം വല കുലുക്കി.

പിന്നാലെ ഇന്‍ിസിഗെ തുര്‍ക്കിയുടെ പെട്ടിയിലെ അവസാന ആണിയും അടിച്ചു. 79 മിനിറ്റില്‍ ഇമ്മൊബൈല്‍ നല്‍കിയ പന്ത് ഇന്‍സിഗെ അനായാസം പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ജയത്തോടെ പരിശീലകാന്‍ റോബര്‍ട്ടോ മന്‍സീനിയുടെ കീഴില്‍ തോല്‍വികള്‍ അറിയാത്ത ടീം എന്ന റെക്കോര്‍ഡ് കാക്കാന്‍ ഇറ്റലിക്കായി. തുടര്‍ച്ചയായ 28-ാം അപരാജിത മത്സരമാണ് അവര്‍ പൂര്‍ത്തിയാക്കിയത്. 16-ന് രാത്രി സ്വിസര്‍ലാന്‍ഡിന് എതിരേയാണ് ഇറ്റലിയുടെ അടുത്ത മത്സരം. തുര്‍ക്കി അന്നേ ദിവസം വെയ്ല്‍സിനെ നേരിടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *