തറയില്‍ നിക്ഷേപ തട്ടിപ്പ്: സജിയുടെ ഭാര്യ റാണി ഒളിവില്‍; പൊലീസ് പ്രതിചേര്‍ത്തു

തറയില്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതി സജി സാമിന്റെ ഭാര്യ റാണിയെ കൂടി കേസില്‍ പ്രതി ചേര്‍ത്തു. സജി സാമിനേയും റാണിയേയും പ്രതി ചേര്‍ത്താണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റാണി ഇപ്പോള്‍ ഒളിവിലാണ്. ഒളിവിലായിരുന്ന സജി സാം കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. സജി സാമിനെ ഇന്നലെ പൊലീസ് റിമാര്‍ഡ് ചെയ്തിരുന്നു. പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്നിലാണ് ഇയാള്‍ കീഴടങ്ങിയിരുന്നത്. എല്ലാവരുടേയും പണം തിരികെ നല്‍കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

പത്തനംതിട്ടയില്‍ സജി സാമിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന തറയില്‍ ഫിനാന്‍സിന്റെ ബ്രാഞ്ചുകള്‍ പൂട്ടിയതിനുശേഷം സജി കുടുംബത്തോടൊപ്പം ഒളിവില്‍ പോകുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ട്രേസ് ചെയ്ത് ഇവരെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങളും ഫലം കണ്ടിരുന്നില്ല. സ്ഥാപനത്തില്‍ നാട്ടുകാര്‍ നിക്ഷേപിച്ചിരുന്ന 80 കോടിയോളം രൂപ തട്ടിയെടുത്തുകൊണ്ടാണ് ഇയാള്‍ ഒളിവില്‍ പോയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി പേര്‍ പരാതി നല്‍കിയിരുന്നു.

തറയില്‍ ഫിനാന്‍സിന്റെ നാല് ബ്രാഞ്ചുകളിലായി നാനൂറോളം പേര്‍ നിക്ഷേപം നടത്തിയിരുന്നു. കൃത്യമായി പലിശ കിട്ടിയിരുന്നതിനാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി മാസം വരെ നിക്ഷേപകര്‍ക്ക് തറയില്‍ ഫിനാന്‍സിന്റെ സേവനങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയും വിശ്വാസവുമായിരുന്നു. ഫെബ്രുവരി മാസത്തെ പലിശ മുടങ്ങിയപ്പോള്‍ 10 ലക്ഷം രൂപ നിക്ഷേപിച്ച ഒരാള്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും പരാതിക്കാരന് പറഞ്ഞ സമയത്ത് പണം മടക്കിക്കൊടുക്കാന്‍ സജി സാമിന് കഴിഞ്ഞില്ല. പിന്നീട് പല പരാതികളും വരികയും ഒടുവില്‍ ബ്രാഞ്ചുകള്‍ ഒരു ദിവസം മുന്നറിയിപ്പില്ലാതെ അടഞ്ഞു കിടക്കുന്നതുകണ്ട് നിക്ഷേപകര്‍ പരിഭ്രാന്തരാകുകയുമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *