ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം: നിര്‍ണായക തെളിവ് ലഭിച്ചു

ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തില്‍ രണ്ടു പേരുടെ സിസിടിവി ദൃശ്യം ലഭിച്ചു. ഇവര്‍ ടാക്‌സിയില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ടാക്‌സി ഡ്രൈവറെ തിരിച്ചറിഞ്ഞു. ഡ്രൈവറുടെ സഹായത്തോടെ രേഖാ ചിത്രം തയ്യാറാക്കുന്നു. അന്വേഷണത്തില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണം ഭീകരവാദ വിരുദ്ധ യൂണിറ്റിന് ഡല്‍ഹി പോലീസ് കൈമാറിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. എംബസിക്കു പുറത്തെ നടപ്പാതയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആളപായമില്ല. ഡല്‍ഹി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് ഇന്നും പരിശോധന നടത്തും. ഒരു കുപ്പിയിൽ വെച്ച സ്ഫോടകവസ്തുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിച്ചത് തീവ്രത കുറഞ്ഞ ഐ.ഇ.ഡിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഫോടനം നടന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും പ്രധാന പൊതുവിടങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ആണ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചത്. ഉയര്‍ന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി സി.ഐ.എസ്.എഫ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *