ട്രാന്‍സ്‍ജെന്‍ഡര്‍ സജ്ന ഷാജിയെ അധിക്ഷേപിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

ട്രാന്‍സ്‍ജെന്‍ഡര്‍ സജ്ന ഷാജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. എരൂര്‍ സ്വദേശിയായ സമീപത്തെ കച്ചവടക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ബിരിയാണി കച്ചവടം നടത്താന്‍ തന്നെ ഒരു വിഭാഗം കച്ചവടക്കാര്‍ അനുവദിക്കുന്നില്ലെന്നും കൂടെയുണ്ടായിരുന്ന ട്രാന്‍സ്ജെന്‍ഡറിനെ ആക്രമിച്ചുവെന്നും ഇതുമൂലം കച്ചവടം നടത്താനാകുന്നില്ലെന്നും സജ്ന ഷാജി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്. എറണാകുളം ഇരുമ്പനത്തായിരുന്നു സജ്ന ബിരിയാണി വില്‍പന നടത്തിയിരുന്നത്. ഹില്‍ പാലസ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യ ഘട്ടത്തില്‍ നടപടിയെടുത്തില്ല. സംഭവം വിവാദമായതോടെ വിഷയത്തില്‍ മന്ത്രി കെ കെ ശൈലജ ഇടപെട്ടു. ഇതോടെയാണ് പൊലീസ് നടപടിയെടുത്തത്. എരൂര്‍ സ്വദേശി ഗിരീഷിനെയാണ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ ബിരിയാണി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ സജ്ന വ്യാജ പരാതി ഉന്നയിക്കുകയാണെന്നാണ് അറസ്റ്റിലായ ആളുടെ കുടുംബം ആരോപിക്കുന്നത്. കച്ചവടം തുടരാന്‍ അനുമതി ലഭിച്ചിട്ടും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ലൈസന്‍സ് കാണിക്കണമെന്ന് ആവശ്യപ്പെട്ടത് ഇന്നലെ തര്‍ക്കത്തിനിടയാക്കിയിരുന്നു. ഇരുവിഭാഗത്തിനും ഇവിടെ തന്നെ കച്ചവടം നടത്തുന്നതിന് തടസ്സമില്ലെന്ന് പിന്നീട് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

സജ്നയ്ക്ക് പിന്തുണയുമായി സര്‍ക്കാര്‍ തലത്തിലുള്‍പ്പെടെ നിരവധി പേരാണ് രംഗത്ത് എത്തുന്നത്. സാമൂഹ്യനീതി വകുപ്പ് വനിത വികസന കോർപറേഷൻ മുഖേന വിൽപ്പന കേന്ദ്രം ഒരുക്കുന്നതിനായി സാമ്പത്തിക സഹായം നൽകാന്‍ തീരുമാനമായിട്ടുണ്ട്. സജ്നയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ നടന്‍ ജയസൂര്യയും സാമ്പത്തിക സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *