ടിക് ടോക്കും വിചാറ്റും നിരോധിച്ച ഉത്തരവ് ബൈഡന്‍ റദ്ദാക്കി

വാഷിങ്ടൺ: ടിക് ടോക്, വിചാറ്റ് ഉൾപ്പടെയുളള ആപ്പുകൾക്ക് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെച്ചു. യുഎസ് ആപ്പ് സ്റ്റോറുകളിൽ നിന്ന് ചില ചൈനീസ് ആപ്ലിക്കേഷനുകളെ തടഞ്ഞ് അതിന് യു.എസ്സിൽ വിലക്ക് ഏർപ്പെടുത്തി 2020-ൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചിരുന്നു. ഈ ഉത്തരവുകളാണ് ബൈഡൻ റദ്ദാക്കിയത്.

എന്നാൽ ഈ അപ്പുകൾക്ക് രാജ്യത്ത് പ്രവർത്തനാനുമതി അനുവദിക്കുന്നത് റിവ്യു കമ്മിറ്റിയുടെ തീരുമാനത്തിന് ശേഷം മാത്രമാകും.

യുഎസിന്റെ വിവിരസാങ്കേതികവിദ്യയെയും ആശയവിനിമയ വിതരണശൃംഖലയെയും ചൈനയുൾപ്പെടയുളള ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനുളള മറ്റൊരു എക്സിക്യൂട്ടീവ് ഉത്തരവിലും ബൈഡൻ ഒപ്പുവെച്ചിട്ടുണ്ട്. ടിക് ടോക്, വിചാറ്റ്, മറ്റ് എട്ട് കമ്മ്യൂണിക്കേഷനുകൾ, സാമ്പത്തിക സാങ്കേതിക സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ എന്നിവയുമായുളള ഇടപാടുകൾ നിരോധിക്കാൻ ലക്ഷ്യമിട്ടുളള മൂന്ന് എക്സിക്യൂട്ടീവ് ഓർഡറുകൾ ബൈഡൻ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

യുഎസ് നിക്ഷേപകരെയോ, നിക്ഷേപങ്ങളേയോ ഏറ്റെടുക്കുന്നതിൽ നിന്ന് 59 ചൈനീസ് സൈനിക-നിരീക്ഷണസ്ഥാപനങ്ങളെ ബൈഡൻ ഭരണകൂടം നേരത്തേ വിലക്കിയിരുന്നു. നവംബറിൽ ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഉൾപ്പെട്ടിരുന്ന 44 ചൈനീസ് കമ്പനികളുടെ പട്ടിക വിപുലീകരിക്കുകയാണ് ബൈഡൻ ചെയ്തത്.

ചൈനയ്ക്കെതിരേ മത്സരിക്കുന്നതിനായി യുഎസ് ടെക് കമ്പനികളെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി 200 ബില്യൺ യുഎസ് ഡോളറിന്റെ ബില്ലിന് അംഗീകാരം നൽകുന്നതിന് യുഎസ് സെനറ്റ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്തിയിരുന്നു. തങ്ങളെ സാങ്കല്പിക ശത്രുവായി കണ്ടുകൊണ്ടുളള യുഎസിന്റെ നടപടിക്കെതിരേ ബെയ്ജിങ് വിമർശനമുന്നയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *