‘ചതുര്‍മുഖം’ ബിഫാന്‍ കൊറിയന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ സിനിമയായ ചതുർമുഖം ഇരുപത്തിഅഞ്ചാമത് ബുച്ചൺ ഇന്റർനാഷണൽ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നും മികച്ച ഹൊറർ, മിസ്റ്ററി, ഫാന്റസി ജോണറിലുള്ള സിനിമകൾക്കായുള്ള ഫെസ്റ്റിവലാണിത്. ദി വെയ്ലിങ് എന്ന പ്രസിദ്ധകൊറിയൻ സിനിമയുടെ സംവിധായകനായ നാ ഹോങ്ജിനും ‘ഷട്ടർ’ എന്ന ഹൊറർ സിനിമയുടെ സംവിധായകനായ ബാഞ്ചോങ് പിസൻതനാകുനും ചേർന്നൊരുക്കിയ ‘ദി മീഡീയം’ ഉൾപ്പടെ 47 രാജ്യങ്ങളിൽ നിന്നായി 258 സിനിമകളാണ് ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിൽ നിന്ന് ആകെ മൂന്നു സിനിമകളാണ് ഫെസ്റ്റിവലിൽ ഉള്ളത്. പ്രഭു സോളമന്റെ ‘ഹാത്തി മേരാ സാത്തി’, മിഹിർ ഫഡ്നാവിസിന്റെ ച്യൂയിംഗ് ഗം എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങൾ. വേൾഡ് ഫന്റാസ്റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുർമുഖം പ്രദർശിപ്പിക്കുന്നത്. രഞ്ജീത്ത് കമല ശങ്കർ, സലിൽ വി എന്നീ നവാഗതർ സംവിധാനം ചെയ്ത ചതുർമുഖം ഏപ്രിൽ 8നാണ് കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ആയത്. നല്ല റിവ്യൂസും പ്രേക്ഷകപ്രീതിയും സിനിമയ്ക്ക് ലഭിച്ചിരുന്നു. അമ്പതു ശതമാനം സീറ്റുകൾ മാത്രം അനുവദിച്ച സാഹചര്യത്തിൽ പോലും നല്ല കളക്ഷനുണ്ടായിരുന്ന സിനിമ കോവിഡ് രൂക്ഷമാവുകയും സെക്കന്റ് ഷോ നിർത്തലാക്കുകയും ചെയ്ത സാഹചര്യത്തിൽ തിയറ്ററിൽ നിന്ന് പിൻവലിക്കുകയായിരുന്നു.

മഞ്ജുവാര്യർ, സണ്ണി വെയിൻ, അലൻസിയർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചതുർമുഖം രചിച്ചിരിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ്. ജിസ് ടോംസ് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ക്ഷൻസ് എന്നീ ബാനറുകളിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജിസ്സ് ടോംസ്, ജസ്റ്റിൻ തോമസ് എന്നിവർ ചേർന്നാണ്. അഭിനന്ദൻ രാമനുജം ക്യാമറയും മനോജ് എഡിറ്റിങും സൌണ്ട് ഡിസൈൻ-ബാക്ക്ഗ്രൌണ്ട് സ്ക്കോർ ഡോൺ വിൻസന്റും നിർവ്വഹിച്ചിരിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രനും കോ-പ്രൊഡ്യൂസർ ബിജു ജോർജ്ജും അസോസിയേറ്റ് പ്രൊഡ്യൂസേർസ് സഞ്ജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്ജ്, ലെജോ പണിക്കർ, ആന്റണി കുഴിവേലിൽ എന്നിവരുമാണ്. വിഷ്ണു ഗോവിന്ദ് സൌണ്ട് മിക്സിംഗ് നിർവ്വഹിച്ച സിനിമയിലെ വസ്ത്രാലങ്കാരം സമീറ സനീഷും കലാസംവിധാനം നിമേഷ്.എം.താനൂരും മേക്കപ്പ് രാജേഷ് നെന്മാറയുമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *