ക്ലേ കോര്‍ട്ടില്‍ ‘എവറസ്റ്റ് കീഴടക്കി’ ദ്യോകോവിച്ച് ഫൈനലില്‍

പാരിസ്: ടെന്നിസ് ലോകം അസാധ്യമെന്ന് വിധിയെഴുതിയത് ഒരിക്കൽക്കൂടി കൈവരിച്ചിരിക്കുകയാണ് നൊവാക് ദ്യോകോവിച്ച്. റൊളാണ്ട് ഗാരോസിൽ നിലവിലെ ചാമ്പ്യൻ റാഫേൽ നദാലിനെതിരായ വിജയം. ഒരു മണിക്കൂറും പതിനൊന്ന് മിനിറ്റും നീണ്ട ചരിത്രപോരാട്ടത്തിൽ നദാലിനെ കീഴടക്കിയാണ് ദ്യോകോവിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ഫൈനലിൽ പ്രവേശിച്ചത്. നദാൽ കുത്തകയാക്കിയ ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ ഒരിക്കൽ മാത്രമാണ് ദ്യോകോവിച്ചിന് ചുംബിക്കാൻ അവസരം ലഭിച്ചത്. 2016ൽ. അന്ന് നദാൽ പരിക്ക് മൂലം മൂന്നാം റൗണ്ടിൽ പിൻവാങ്ങുകയായിരുന്നു.

ഫൈനലിനെ വെല്ലുന്ന വീറും വാശിയും തീപാറിച്ച സെമി പോരാട്ടത്തിന്റെ ആദ്യ സെറ്റിൽ അടിപതറിയ ശേഷമായിരുന്നു ഇക്കുറി ദ്യോകോയുടെ മിന്നുന്ന തിരിച്ചുവരവ്. സ്കോർ: 3-6, 6-3. 7-6 (4), 6-2. ദ്യസെറ്റിൽ ഒരുവേള നദാൽ 50 എന്ന സ്കോറിൽ മുന്നിലായിരുന്നു. ഒപ്പത്തിനൊപ്പമുളള വാശിയേറിയ പോരാട്ടം കണ്ട മൂന്നാം സെറ്റാവട്ടെ 97 മിനിറ്റിനാണ് നീണ്ടുനിന്നത്. ഇതിലാവട്ടെ ലീഡെടുക്കാനുള്ള നല്ല അവസരമുണ്ടട്ടായിരുന്നു നദാലിന്.

റൊളാണ്ട് ഗാരോസിൽ പതിമൂന്ന് കിരീടം നേടിയ അതുല്ല്യ ചരിത്രമുള്ള നദാലിനെ രണ്ട് തവണ തോൽപിക്കുന്ന ആദ്യ താരമെന്ന ബഹുമതി കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഒന്നാം സീഡായ ദ്യോകോവിച്ച്.

‘ഓരോ തവണ നദാലിനെതിരേ കോർട്ടിലിറങ്ങുമ്പോഴും ജയിക്കുക എന്നാൽ ഒരു എവറസ്റ്റ് കീഴടക്കുന്നതിന് തുല്ല്യമാണെന്ന ചിന്തയുണ്ടാകും നമുക്ക്.’-മത്സരശേഷം ദ്യോകോവിച്ച് പ്രതികരിച്ചു. ‘ഫ്രഞ്ച് ഓപ്പണിലെ എന്റെ ഏറ്റവും മികച്ച ജയങ്ങളിൽ ഒന്നാണിത്. കരിയറിലെ തന്നെ ഏറ്റവും മികച്ച മൂന്ന് മത്സരങ്ങളിൽ ഒന്ന്.’-ദ്യോകോ പറഞ്ഞു.

ഫ്രഞ്ച് ഓപ്പണിൽ അവസാനമായി എട്ടു തവണ ഏറ്റുമുട്ടിയപ്പോൾ ഏഴ് തവണയും നദാലിനോട് തോറ്റ ചരിത്രമായിരുന്നു ദ്യോകോവിച്ചിനുള്ളത്. 2020ലെ ഫൈനലും ഉൾപ്പെടും ഇതിൽ.

ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസാണ് ഫൈനലിൽ ദ്യോകോവിച്ചിന്റെ എതിരാളി. ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ രണ്ടിനെതിരേ മൂന്ന് സെറ്റുകൾക്ക് കീഴ്പ്പെടുത്തിയാണ് സിറ്റ്സിപാസ് കന്നി ഗ്രാൻഡ്സ്ലാം ഫൈനലിന് യോഗ്യത നേടിയത്. ആദ്യ രണ്ട് സെറ്റും സ്വന്തമാക്കിയശേഷം തുടർന്നുള്ള രണ്ട് സെറ്റുകളും കൈവിട്ടായിരുന്നു സിറ്റ്സിപാസിന്റെ ജയം. സ്കോർ: 6-3, 6-3, 4-6, 4-6, 6-3.

Spread the love

Leave a Reply

Your email address will not be published. Required fields are marked *