കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ആലപ്പുഴ ചാരുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നൂറനാട്, പാലമേല്‍, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കോണ്‍ഗ്രസ്-സിപിഐ സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പൊലീസുകാര്‍ ഉള്‍പ്പടെ 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവത്തിന്റെ തുടക്കം. കോണ്‍ഗ്രസ് ഓഫീസിനടുത്ത് സിപിഐ കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതിട്ടതോടെ സിപിഐ വീണ്ടും കൊടിമരം സ്ഥാപിച്ചു. കൊടിമരം മാറ്റണമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. പിന്നാലെ ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ക്ക് പരാതിയും നല്‍കിയിരുന്നു.

ബുധനാഴ്ച വൈകിട്ട് കൊടിമരം സംബന്ധിച്ച് ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമായി. കൊടിമരം നീക്കം ചെയ്യാനുള്ള ലക്ഷ്യത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, സംരക്ഷിക്കാന്‍ സിപിഐ പ്രവര്‍ത്തകരും സ്ഥലത്ത് നിലയുറപ്പിച്ചു. ആര്‍ഡിഒയും വില്ലേജ് ഓഫീസറും എത്തി കൊടിമരം മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും മാറ്റില്ലെന്ന് നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍.

കൊടിമരം നീക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ ഏറ്റമുട്ടല്‍ ഉണ്ടായി. മുദ്രാവാക്യം വിളിയും, കല്ലേറും, വടികള്‍ ഉപയോഗിച്ചുള്ള ആക്രമണവുമാണ് നടന്നത്. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. പൊലീസിന് നേരെയും കല്ലേറുണ്ടായി. കൊടിമരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതിട്ടു.

സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് ഓഫീസ് സിപിഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *