കൊവിഡ് ബാധിച്ച്‌ മരിച്ച പിതാവിനെ കാണാന്‍ 51,000 രൂപ നല്‍കണം; മകനോട് പണം ആവശ്യപ്പെട്ട് അധികൃതര്‍

കൊല്‍ക്കത്ത: കൊവിഡ് ബാധിച്ച്‌ മരിച്ച ആളിന്റെ ബന്ധുക്കളില്‍ നിന്ന് ആശുപത്രി അധികൃതര്‍ കൈക്കൂലി വാങ്ങിയതായി ആരോപണം. പശ്ചിമ ബംഗാളിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ബാധിച്ചു മരിച്ചയാളുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊവിഡ് ചികിത്സയിലായിരുന്ന ഹരി ഗുപ്തയുടെ മരണവിവരം പോലും ആശുപത്രി തങ്ങളെ അറിയിച്ചില്ലെന്നാണ് മകന്‍ സാഗര്‍ ഗുപ്തയുടെ ആരോപണം.

തലേന്ന് രാത്രി ഒരു മണിയ്ക്ക് രോഗി മരിച്ചതായി ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് തങ്ങളെ അറിയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണവിവരം എന്തുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നു ചോദിച്ചപ്പോള്‍ കുടുംബത്തെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ കൈയ്യിലുണ്ടായിരുന്നില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് എത്തിയപ്പോള്‍ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോയെന്നായിരുന്നു അറിഞ്ഞത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ശിബ്പൂര്‍ ശ്മശാനത്തിലെത്തുകയായിരുന്നു.

മൃതദേഹം അവസാനമായി കാണാനായി തങ്ങള്‍ക്ക് 51,000 രൂപ നല്‍കേണ്ടി വന്നെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. ബന്ധുക്കള്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ തുക 31,000 രൂപയാക്കി കുറച്ചു. എന്നാല്‍ ഈ തുക ഇവരുടെ കൈവശമുണ്ടായിരുന്നില്ലെന്ന് സാഗര്‍ ഗുപ്ത പറയുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. തങ്ങള്‍ കൂട്ടിക്കൊണ്ടു വന്ന പോലീസ് ഉദ്യോഗസ്ഥരുടെ അപേക്ഷ പോലും ശ്മശാന അധികൃതര്‍ തള്ളിക്കളഞ്ഞെന്നാണ് കുടുംബം പറയുന്നത്.

സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടു സംസാരിക്കാനായിരുന്നു സംസ്‌കാരത്തിന്റെ ചുമതലയുണ്ടായിരുന്ന ആശുപത്രി ജീവനക്കാര്‍ തങ്ങളോടു പറഞ്ഞതെന്നും കുടുംബം ആരോപിക്കുന്നു. ഈ സംഭവങ്ങള്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ ഫോണ്‍ തട്ടിപ്പറിച്ചതായും ആരോപണമുണ്ട്. ഒടുവില്‍ ബന്ധുക്കളെ കാണിക്കാതെ തന്നെ സംസ്‌കാരം നടന്നെന്നാണ് റിപ്പോര്‍ട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *