ഐ.പി.എല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്. ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ ചെന്നൈ ജയിച്ചതോടെയാണ് നാല് തവണ ഐ.പി.എല്‍ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് ഉറപ്പിച്ചത്. 12 മത്സരങ്ങളില്‍ നിന്ന് 8 മത്സരവും ജയിച്ചാണ് രോഹിത് ശര്‍മ്മയുടെ ടീം പ്ലേ ഓഫ് ഉറപ്പിച്ചത്.

ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ നിന്ന് ഒന്ന് ജയിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് സ്വന്തമാക്കുകയും ചെയ്യും. രണ്ട് മത്സരങ്ങള്‍ മുംബൈ ഇന്ത്യന്‍സ് തോറ്റാലും മികച്ച റണ്‍ റേറ്റ് അവര്‍ക്ക് ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടിക്കൊടുക്കാന്‍ സാധ്യതയുണ്ട്. അതെ സമയം ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റതോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റു. ഇന്നലെ ജയിച്ചാല്‍ ടോപ് ഫോറില്‍ എത്തുമായിരുന്നു കൊല്‍ക്കത്ത നിലവില്‍ അഞ്ചാം സ്ഥാനത്താണ്. അടുത്ത മത്സരം മികച്ച മാര്‍ജിനില്‍ ജയിക്കുകയും മറ്റു ടീമുകളുടെ ഫലങ്ങളും അനുകൂലമായെങ്കില്‍ മാത്രമാവും കൊല്‍ക്കത്തക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവുക.

രണ്ടാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനും മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സും തന്നെയാണ് പ്ലേ ഓഫ് സാധ്യത ഏറ്റവും കൂടുതല്‍ കല്പിക്കപെടുന്ന ടീമുകള്‍. അതെ സമയം നാലാം സ്ഥാനത്തുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബിന് അടുത്ത രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ പ്ലേ ഓഫ് നേടാനാവു. ഇന്ന് നടക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് – രാജസ്ഥാന്‍ റോയല്‍സ് മാത്രത്തില്‍ തോല്‍ക്കുന്ന ടീം പ്ലേ ഓഫ് കാണാതെ പുറത്താവുമെന്ന് ഉറപ്പാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *