ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികള്‍ തിരിച്ചെത്തിയേക്കില്ല; അഫ്ഗാനിസ്താനില്‍ വിചാരണ ചെയ്യാന്‍ ഇന്ത്യ ആവശ്യപ്പെട്ടേക്കും

കേരളത്തില്‍ നിന്നു പോയി ഐഎസില്‍ ചേര്‍ന്ന നാലു മലയാളി യുവതികള്‍ക്ക് നാട്ടിലേക്ക് തിരിക്കാനുള്ള അനുമതി ഇന്ത്യ നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഈ നാലു യുവതികളും അഫ്ഗാനിസ്താനിലെ ജയിലിലാണുള്ളത്. ഇവരെ തിരിച്ച് നാട്ടിലെത്തിക്കാന്‍ ഇന്ത്യ താല്‍പര്യപ്പെടുന്നില്ലെന്നും അപ്ഗാനസ്താന് ഇവരെ വിചാരണ ചെയ്യാനുള്ള അനുമതി നല്‍കിയേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

നിമിഷ ഏലിയാസ്, സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, റെഫീല എന്നീ യുവതികളാണ് അഫ്ഗാന്‍ ജയിലുള്ളത്. 2016-18 വര്‍ഷത്തിലാണ് നാലു യുവതികളും ഭര്‍ത്താക്കന്‍മാരോടൊപ്പം ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ അഫ്ഗാനിസ്താനിലെത്തിയത്. ഭര്‍ത്താക്കന്‍മാര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ നാലു യുവതികളും അഫ്ഗാന്‍ സൈന്യത്തിനു കീഴടങ്ങുകയായിരുന്നു. 2019 അവസാന മാസങ്ങളില്‍ അഫ്ഗാനിസ്താനില്‍ കീഴടങ്ങിയ ആയിരക്കണക്കിന് ഐഎസ് അംഗങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍ നാലു പേരും.

അഫ്ഗാനിസ്താന്‍ നാഷണല്‍ സെക്യൂരിറ്റി ഡയരക്ടറേറ്റ് ആയ അഹ്മദ് സിയ സരജ് ഏപ്രിലില്‍ പുറത്തു വിട്ട കണക്കു പ്രകാരം 13 രാജ്യങ്ങളില്‍ നിന്നായി 408 ഐഎസ് അംഗങ്ങളാണ് രാജ്യത്തെ ജയിലുകളിലുള്ളത്. ഇതില്‍ നാല് ഇന്ത്യക്കാര്‍, 16 ചൈനീസ് പൗരര്‍, 299 പാകിസ്താന്‍ പൗരര്‍, രണ്ട് ബംഗ്ലാദേശ് പൗരര്‍, രണ്ട് മാലിദ്വീപ് പൗരര്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാന്‍ ഈ 13 രാജ്യങ്ങളുമായി അഫ്ഗാന്‍ സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. എന്നാല്‍ തടവിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതില്‍ രാജ്യത്തെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മില്‍ അന്തിമ ധാരണയിലെത്തിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ ദ ഹിന്ദുവിനോട് പ്രതികരിച്ചത്.

കീഴടങ്ങിയ നാല് മലയാളി സ്ത്രീകളെയും 2019 ല്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ സംസരാരിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ഈ സ്ത്രീകളുടെ സമീപനത്തില്‍ സുരക്ഷാ ഏജന്‍സികള്‍ തൃപ്തരായിരുന്നില്ല. നാലു പേരെയും രാജ്യത്തെത്തിച്ച് കേസ് നടപടികള്‍ ഇവിടെ നടപ്പിലാക്കുക എന്നതായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ ഈ യുവതികള്‍ വലിയ രീതിയില്‍ തീവ്ര മൗലിക വാദികളാണെന്നാണ് സംസാരിച്ചപ്പോള്‍ വ്യക്തമായതെന്ന് സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട്. ഐഎസ് വിഷയത്തില്‍ ഫ്രാന്‍സ് സ്വീകരിച്ച നിലപാടിനു സമാനമായി തടവിലുള്ള പൗരരെ അഫ്ഗാനിസ്താനില്‍ തന്നെ വിചാരണ ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്റര്‍പോള്‍ ഈ സ്ത്രീകള്‍ക്ക് റെഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *