ഉത്തരേന്ത്യയില്‍ ഡെങ്കിപ്പനി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി രൂക്ഷമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഉത്തർപ്രദേശിൽ ഡെങ്കിപ്പനിയുടെ ഡി2 വൈറസ് വകഭേദം കണ്ടെത്തിയതായി ഐസിഎംആർ അറിയിച്ചു. കൊതുകുനശീകരണം ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

ഉത്തർപ്രദേശിലെ മധുര, ആഗ്ര, ഫിറോസാബാദ് ജില്ലകളിലാണ് ഡെങ്കിപ്പനിയുടെ തീവ്രസ്വഭാവമുള്ള ഡി2 വകഭേദം കണ്ടെത്തിയത്. ഫിറോസാബാദിലുൾപ്പെടെ മരണ നിരക്ക് കൂടാൻ കാരണം ഡിടു വകഭേദമാണെന്നാണ് ഐസിഎംആറിന്റെ കണ്ടെത്തൽ. യുപി പ്രയാഗ് രാജിൽ ഇന്നലെ മാത്രം 97 ഡെങ്കി കേസുകളാണ് സ്ഥിരീകരിച്ചത്. ഫിറോസാബാദിൽ 88 കുട്ടികൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 465 കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ഡൽഹിയിൽ 150 ഡെങ്കു കേസുകളാണ് സ്ഥിരീകരിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിൽ 139 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹരിയാനയിലെ പൽവാൾ ജില്ലകളിൽ ഡെങ്കിപ്പനിയുടെ സമാന ലക്ഷണങ്ങളോടെ നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പിളുകൾ പരീക്ഷണത്തിനായി അയച്ചിരിക്കുകയാണ്.

ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ കൊതുക് നശീകരണം നടത്താനാണ് കേന്ദ്രത്തിന്റെ നിർദേശം. ആവശ്യമെങ്കിൽ വിദഗ്ധ പരിശോധനക്കായി കേന്ദ്ര സംഘത്തെ അയക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ മറ്റ് സംസ്ഥാനങ്ങൾക്കും ഡെങ്കു മുന്നറിയിപ്പ് കേന്ദ്രം നൽകിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *