ആലപ്പുഴയിലെ ബി.ജെ.പിയുടെ വളർച്ച ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി

ആലപ്പുഴയിലെ ബി.ജെ.പിയുടെ വളർച്ച ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി നേട്ടമുണ്ടാക്കിയ ഇടങ്ങളില്‍ ജില്ലാനേതൃത്വം നേരിട്ട് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം. സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ബി.ജെ.പി വലിയ നേട്ടമുണ്ടാക്കിയിരുന്നു. മൂന്നു പഞ്ചായത്തുകളിലാണ് ഭരണം പിടിച്ചത്. ഇവിടങ്ങളില്‍ യു.ഡി.എഫ് വോട്ടുകള്‍ മാത്രമല്ല, പരമ്പരാഗത ഇടതുവോട്ടുകളും ചോര്‍ന്നിട്ടുണ്ട്. ഇത് ഗൌരവമായി കണ്ട് ഇടപെടണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഹിന്ദുവികാരം ഇളക്കിവിട്ട് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാണ് ബി.ജെ.പിയുടെ നീക്കം.ഇതിനെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സി.പി.എം വിട്ട പ്രവര്‍ത്തകരെ തിരികെയെത്തിക്കാന്‍ ജില്ലാനേതൃത്വം തന്നെ മുന്‍കൈ എടുക്കണം. ഭവന സന്ദര്‍ശനമടക്കം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നൂര്‍, മാവേലിക്കര മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് കൂടുതൽ വളര്‍ച്ച ഉണ്ടായിരിക്കുന്നതെന്നാണ് സി.പി.എം വിലയിരുത്തൽ. ഇവിടങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കാനാണ് സി.പി.എം തീരുമാനം. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായിരുന്നു മുഖ്യമന്ത്രി പങ്കെടുത്ത് ജില്ലാസെക്രട്ടറിയേറ്റ് ചേര്‍ന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *