അട്ടിമറി നടത്താമെന്നാണെങ്കിൽ സംഘപരിവാര്‍ സ്വപ്‌നം കാണാത്ത തിരിച്ചടി കേരളം നൽകും: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിക്കളയാം എന്ന് കരുതിയിട്ടാണ് സംഘപരിവാര്‍ പുറപ്പാടെങ്കിൽ അവർ സ്വപ്‌നം കാണാത്ത തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ കേരളം നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കോ ലീ ബി എന്ന പരസ്യ സഖ്യത്തെ നിലം തൊടീക്കാതെ നാടുകടത്തിയ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് പുത്തന്‍ അവസരവാദ സഖ്യത്തിന്റെയും വ്യാമോഹങ്ങള്‍ അറബിക്കടലിലേക്ക് വലിച്ചെറിയുമെന്നും കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ആര്‍എസ്എസിന്റെ വര്‍ഗീയ നീക്കങ്ങള്‍ക്ക് വളര്‍ന്നു പൊങ്ങാന്‍ പറ്റുന്ന ഇടമല്ല ഇതെന്നും ഒരു വര്‍ഗീയതയെയും ജനങ്ങള്‍ പിന്തുണയ്ക്കില്ല എന്ന് ഈ തെരഞ്ഞെടുപ്പില്‍ കേരളം പ്രഖ്യാപിക്കും.

കേരളത്തില്‍ ഒരു സീറ്റില്‍ പോലും വിജയ സാധ്യത ഉറപ്പിക്കാന്‍ പറ്റാത്ത പാര്‍ടിയാണ് ബിജെപി. എന്നിട്ടും ബിജെപിയുടെ പ്രധാന നേതാക്കള്‍ കേരളത്തില്‍ തമ്പടിക്കുന്നതും ഭീഷണികള്‍ മുഴക്കുന്നതും എന്തുദ്ദേശ്യത്തിലാണ് . ത്രിപുരയില്‍ കോണ്‍ഗ്രസ്സിനെ അപ്പാടെ വിഴുങ്ങിയാണ് ബിജെപി തടിച്ചു ചീര്‍ത്തത്. ഇവിടെ കോണ്‍ഗ്രസ്സും ലീഗുമായി ചേര്‍ന്ന് അത്തരം നീക്കങ്ങള്‍ നടത്തിയപ്പോള്‍ ജനങ്ങള്‍ ഇടതുപക്ഷത്തിനോടൊപ്പം നിന്ന ചരിത്രമാണുള്ളത്.

വികസന കാര്യങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷവും ബിജെപിയും തയ്യാറാകുന്നില്ല. രണ്ടു കൂട്ടരും ഒളിച്ചോടുകയാണ്‌. വികസനം വേണ്ട ഇരട്ടവോട്ട്‌ ചർച്ചചെയ്യാമെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ പറയുന്നത്‌.
വികസനവും ക്ഷേമവും ജനങ്ങളുടെ അവകാശമാണ് എന്ന നിലപാടാണ് എൽഡിഎഫിന്‌. 30,000 കോടി രൂപ ക്ഷേമ പെന്‍ഷന്‍ , ലൈഫ് ഭവന പദ്ധതിക്ക് 8830 കോടി രൂപ , സ്‌കൂളുകള്‍ ഹൈടെക്കാക്കാന്‍ മൂവായിരം കോടിയിലധികം രൂപ എന്നിങ്ങനെയാണ്‌ ഈ സർക്കാർ ചിലവഴിച്ചത്‌. ആശുപത്രികൾ, കാര്‍ഷിക രംഗത്തെ ഉല്‍പ്പാദന വര്‍ധനവ്, വിശപ്പ് രഹിത കേരളം തുടങ്ങി സാധാരണ ജനജീവിതത്തെ സ്പര്‍ശിക്കുന്ന ഒന്നായി നാടിന്റെ വികസനത്തെ മാറ്റാനായി എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിമാനം.

ബിജെപിയോ കോണ്‍ഗ്രസോ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഈ കാഴ്ചപ്പാട് കാണാനാകുമോ. കേരളം എല്ലാ തുറകളിലും മുന്നിലെത്തുന്നത് ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് രണ്ടു കൂട്ടരും ഒളിച്ചോടുന്നതിന്റെ കാരണം വേറെ തേടേണ്ടതില്ല. അവര്‍ക്ക് ചെയ്യാന്‍ കഴിയാത്തത് എല്‍ഡിഎഫ് ചെയ്യുന്നു. ചെയ്തു തെളിയിച്ചു. അത് ജനങ്ങള്‍ വിളിച്ചു പറയുന്നുണ്ട്. ആ സമയത്ത് അസഹിഷ്ണുതയോടെ അവിശുദ്ധ സഖ്യമുണ്ടാക്കിയിട്ടും അപവാദ വ്യവസായം വിലുപപ്പെടുത്തിയിട്ടും ഒരു കാര്യവുമില്ല.

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കേന്ദ്രസര്‍ക്കാരുകള്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് നടപ്പാക്കിയ സ്വകാര്യവല്‍കരണ, ഉദാരവല്‍കരണ നയങ്ങള്‍ക്ക് ബദലായ കേരള മാതൃക സംരക്ഷിക്കണോ വേണ്ടയോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം.
സംഘപരിവാര്‍ വര്‍ഗീയതയുടെ വിഷപ്പുക പരക്കാത്ത സമൂഹം എന്ന നേട്ടമാണ് കേരളം നിലനിര്‍ത്തേണ്ടത്.

സാമൂഹ്യക്ഷേമത്തിനോടൊപ്പം സാമ്പത്തിക വളര്‍ച്ചയും ഉറപ്പുനല്‍കുന്ന നവകേരളം സൃഷ്ടിക്കാനാണ് എല്‍ഡിഎഫ് നിലകൊള്ളുന്നത്.
മലയാളിയുടെ അന്തസ് ലോകത്തില്‍ ഉയര്‍ന്നു നിന്ന കാലമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷം. അത് തല്ലിക്കെടുത്താനുള്ള വലതുപക്ഷ ശ്രമങ്ങളെ കേരളീയസമൂഹം തള്ളിക്കളയുന്നതാകും ഈ തെരഞ്ഞെടുപ്പ് ഫലം.

കോവിഡ് ഭീഷണി രൂക്ഷമായി വരുന്ന ഘട്ടത്തില്‍ എത്രയും വേഗം കൂടുതൽ പേർക്ക്‌ വാക്‌സിൻ നൽകുന്നതിനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *