ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മേക്കപ്പ് മാനേജര്‍ക്ക് എതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രത്യേക അന്വേഷണം സംഘത്തിന്റെ നിര്‍ദേശ പ്രകാരം പൊൻകുന്നം പൊലീസ് രണ്ടാഴ്ച മുന്‍പാണ് കേസെടുത്തത്.കൊരട്ടി സ്വദേശി സജീവിനെതിരെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പരാതി നല്‍കിയത്. സജീവ് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം.
താമസ സ്ഥലത്തുവെച്ചായിരുന്നു സംഭവമെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
2014 ല്‍ നടന്ന സംഭവം യുവതി ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ വെളിപ്പെടുത്തുകയായിരുന്നു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ക്രിമിനല്‍ സ്വഭാവമുള്ള മൊഴികളില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് നേരത്തേ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എസ്‌ഐടിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടി.