ഹരിയാനയിലെ കർണാലിൽ അരി മിൽ തകർന്നുവീണ് നാല് മരണം

ചണ്ഡീ​ഗഢ്: ഹരിയാനയിലെ കർണാലിൽ അരി മിൽ തകർന്നുവീണ് നാല് മരണം. 20ലേറെ പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തരോരിയിലെ മൂന്ന് നിലകളുള്ള ശിവശക്തി റൈസ് മില്ലിലാണ് അപകടമുണ്ടായത്.തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് മുകളിലേക്ക് കെട്ടിടം തകർന്നുവീഴുകയായിരുന്നു. ഏതാനും തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നി​ഗമനം.120 തൊഴിലാളികളെ കെട്ടിടത്തിൽ നിന്ന് സുരക്ഷിതരായി രക്ഷപ്പെടുത്തിയതായി കർണാൽ ഡെപ്യൂട്ടി കമ്മീഷണർ അനീഷ് യാദവ് പറഞ്ഞു.

സംഭവസമയത്ത് തൊഴിലാളികൾ കെട്ടിടത്തിനകത്ത് ഉറങ്ങുകയായിരുന്നു.ജോലി കഴിഞ്ഞ് തൊഴിലാളികൾ പതിവായി ഈ കെട്ടിടത്തിൽ തന്നെയാണ് ഉറങ്ങുന്നത്. അതിനാൽ അപകടത്തിൽപെട്ടവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.സംഭവത്തിനു പിന്നാലെ ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രാത്രി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *