ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുന്നത് വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി

ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുന്നത് വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്.ഗസ്സയിലും ലബനാനിലും ആക്രമണം തുടരുകയാണ് ഇസ്രായേല്‍. ഗസ്സയില്‍ തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ അടക്കം ചെയ്ത ഫലസ്തീനികളുടെ എണ്ണം പതിനായിരത്തിന് മുകളിലെന്നാണ് റിപ്പോർട്ട്.


ഒക്ടോബർ പത്തിന് നിലവില്‍ വന്ന വെടിനിർത്തല്‍ കരാർ ലംഘിച്ചുള്ള ആക്രമണ നടപടികള്‍ അവസാനിപ്പിക്കില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി. ഗസ്സയില്‍ ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള മേഖലയില്‍ ഹമാസ് നിർമിച്ച തുരങ്കങ്ങള്‍ പൂർണമായി നശിപ്പിക്കുമെന്നും കാറ്റ്‌സ് പറഞ്ഞു.


ഗസ്സ മുനമ്ബില്‍ ഇസ്രായേല്‍ അധിനിവേശ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഹമാസ് പ്രവർത്തകരെ സുരക്ഷിതരായി തിരിച്ചയക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകള്‍ക്കിടെയാണ് കാറ്റ്സിന്‍റെ പ്രതികരണം.റഫ മേഖലയിലുള്ള തുരങ്കങ്ങളില്‍ 200ഓളം സായുധ ഹമാസ് അംഗങ്ങള്‍ ഒളിഞ്ഞിരിക്കുന്നതായാണ് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണക്കുകൂട്ടല്‍. ഇസ്രായേലിന്‍റെ നിയന്ത്രണമുളള, മഞ്ഞ വരയ്ക്കുളളില്‍ ആക്രമണം തുടരുമെന്നാണ് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്.

എല്ലാ ബന്ദികളുടെ മൃതദേഹങ്ങളും തിരിച്ചെത്തിക്കുന്നതോടൊപ്പം ഹമാസിനെ നീരായുധികരിക്കുക എന്നതും ഇസ്രായേല്‍ ലക്ഷ്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.കഴിഞ്ഞമാസം 10ന് വെടിനിർത്തല്‍ നിലവില്‍ വന്നശേഷം 22 ബന്ദികളുടെ മൃതദേഹങ്ങളാണ് ഹമാസ് വിട്ടുനല്‍കിയത്. ആറ് പേരുടെ മൃതദേഹങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്. 45 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ കൈമാറിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കൻ ഗസ്സക്ക് നേരെയും മറ്റും ഇന്നലെ ഇസ്രയേല്‍ ആക്രമണം തുടർന്നു. ദക്ഷിണ ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിലും വ്യാപക വ്യോമാക്രമണം നടത്തി.

അതിനിടെ, ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തെ തുടർന്ന് തകർന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ചുരുങ്ങിയത് പതിനായിരം മൃതദേഹങ്ങള്‍ അടക്കം ചെയ്യപ്പെട്ടതായി ഗസ്സ അധികൃതർ വെളിപ്പെടുത്തി. ഗസ്സയിലേക്ക് സഹായവസ്തുക്കളുമായി കൂടുതല്‍ ട്രക്കുകള്‍ അനുവദിക്കണമെന്ന അഭ്യർഥന ഇസ്രായേല്‍ നിരന്തരം തള്ളുന്നതായി യുഎൻ ഏജൻസികള്‍ കുറ്റപ്പെടുത്തി. ഗസ്സയിലെ ദുരിതബാധിതരുടെ അവസ്ഥ ഇത് കൂടുതല്‍ സങ്കീർണമാക്കുമെന്നും ഏജൻസികള്‍ മുന്നറിയിപ്പ് നല്‍കി. അതിനിടെ, പുതുതായി കസാകിസ്താൻ കൂടി അബ്രഹാം കരാറിന്‍റെ ഭാഗമാകുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു.


Sharing is Caring