സർക്കാർ സ്‌കൂളുകളുടെ പേരുകളില്‍ നിന്ന് ട്രൈബല്‍ എന്ന വാക്ക് നീക്കം ചെയ്യാൻ നിർദേശിച്ച്‌ മദ്രാസ് ഹൈകോടതി

തമിഴ്‌നാട് സർക്കാർ സ്‌കൂളുകളുടെ പേരുകളില്‍ നിന്ന് ട്രൈബല്‍ എന്ന വാക്ക് നീക്കം ചെയ്യാൻ നിർദേശിച്ച്‌ മദ്രാസ് ഹൈകോടതി.ജൂണില്‍ 68 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തത്തില്‍ കല്‍വരയൻ കുന്നുകള്‍ക്ക് ചുറ്റും താമസിക്കുന്ന ജനങ്ങളുടെ, പ്രത്യേകിച്ച്‌ പട്ടികവർഗക്കാരുടെ സാമൂഹിക-സാമ്ബത്തിക നിലയെക്കുറിച്ചുള്ള സ്വമേധയാ കേസ് പരിഗണിക്കവെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കാർ ട്രൈബല്‍ റസിഡൻഷ്യല്‍ സ്‌കൂള്‍ എന്ന പേരില്‍ പൊതുവിദ്യാലയങ്ങള്‍ പ്രദേശത്ത് പ്രവർത്തിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തികൊണ്ട് സർക്കാർ സ്‌കൂളിന്‍റെ പേരിനൊപ്പം ട്രൈബല്‍ എന്ന പദം ഉപയോഗിക്കുന്നത് ന്യായമല്ലെന്ന് കോടതി പറഞ്ഞു

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പൊതുപണം ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന സ്‌കൂളുകളില്‍ ഇത്തരം നിബന്ധനകള്‍ സർക്കാർ അനുവദിക്കുന്നത് വേദനാജനകമാണെന്ന് ജസ്റ്റിസുമാരായ എസ്.എം. സുബ്രഹ്മണ്യം, സി. കുമാരപ്പൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഒരു സാഹചര്യത്തിലും കുട്ടികളെ കളങ്കപ്പെടുത്തുന്നത് കോടതികളും സർക്കാരും അംഗീകരിക്കില്ല. ഒരു പ്രത്യേക സമുദായത്തെ / ജാതിയെ സൂചിപ്പിക്കുന്ന അത്തരം പേരുകള്‍ ഉപയോഗിക്കുന്നിടത്തെല്ലാം നീക്കം ചെയ്യുകയും സ്കൂളുകള്‍ക്ക് “സർക്കാർ സ്കൂള്‍” എന്ന് നാമകരണം ചെയ്യുകയും പ്രദേശത്ത് താമസിക്കുന്ന കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരുന്നതിന് സ്കൂളില്‍ പ്രവേശനം നല്‍കുകയും വേണമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

സാമൂഹ്യനീതിയില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന തമിഴ്‌നാടിന് ഇത്തരം അപകീർത്തികരമായ വാക്കുകള്‍ ചേർക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *