സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്‌ളോഗര്‍ സന്തോഷ് വര്‍ക്കിക്ക് ജാമ്യം നല്‍കി ഹൈക്കോടതി

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്‌ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം നല്‍കി ഹൈക്കോടതി. ചലച്ചിത്ര അഭിനേത്രിമാരെ അപമാനിക്കുന്ന പ്രസ്താവനയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ജസ്റ്റിസ് എംബി സ്‌നേഹലത അധ്യക്ഷയായ ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം നല്‍കിയത്. സന്തോഷ് വര്‍ക്കിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും എന്നാല്‍ പ്രതിയെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും നിരീക്ഷിച്ചാണ് നടപടി.

സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് സന്തോഷ് വര്‍ക്കിക്ക് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 11 ദിവസമായി റിമാന്‍ഡിലാണ് സന്തോഷ് വര്‍ക്കി. ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സന്തോഷ് വര്‍ക്കിക്ക് എതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവമുള്ളവരാണ് എന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. സന്തോഷ് വര്‍ക്കി നേരത്തെയും സമാനമായ പരാമര്‍ശം നടത്തിയിരുന്നു.

അഭിനേത്രിമാരായ അന്‍സിബ ഹസ്സന്‍, കുക്കു പരമേശ്വരന്‍, ഉഷ ഹസീന എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സന്തോഷ് വര്‍ക്കിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതിന് പിന്നാലെ സന്തോഷ് വര്‍ക്കിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. മേക്കപ് ആര്‍ട്ടിസ്റ്റ് ആയ ട്രാന്‍സ് വ്യക്തിയെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലും സന്തോഷ് വര്‍ക്കി പ്രതിയാണ്. നടി നിത്യ മേനോനെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതിന് സന്തോഷ് വര്‍ക്കിയെ നേരത്തെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *