
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസ് അന്വേഷിച്ച റിട്ട. ഡിവൈ.എസ്.പിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് നാരകത്തറ പുത്തേത്ത് വീട്ടില്‍ കെ. ഹരികൃഷ്ണനെയാണ് (58) കായംകുളം രാമപുരം ഭാഗത്ത് ഇന്നു പുലര്‍ച്ചെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെ റെയില്‍വേ ട്രാക്കില്‍നിന്ന് മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്നു രാവിലെയാണ് മരിച്ചത് ഹരികൃഷ്ണനാണെന്ന് സ്ഥിരീകരിച്ചത്. പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയായിരുന്ന സമയത്താണ് ഇദേഹം സോളാര്‍ കേസ് അന്വേഷണസംഘത്തിന്റെ ഭാഗമാകുന്നത്.
റെയില്‍ പാളത്തിന് സമീപം ഇദ്ദേഹത്തിന്റെ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കാറില്‍ നിന്ന് കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇദ്ദേഹം സമീപകാലത്ത് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇദ്ദേഹത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനമുള്‍പ്പെടെ വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും നേരിട്ടിരുന്നു.
