സൈന്യത്തെ വിമര്‍ശിക്കുന്നത് കുറ്റം; നിയമം പാസ്സാക്കി ചൈന

ബെയ്ജിങ്: സായുധസേനക്കെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് നിരോധിച്ചുകൊണ്ടുളള പുതിയ നിയമം ചൈന പാസ്സാക്കി. ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് ചൈനീസ് സൈന്യത്തിനെതിരേ ഉയർന്ന വിമർശനങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പുതിയ നിയമപ്രകാരം സാധുനസേനാംഗങ്ങളുടെയോ സൈനികന്റെയോ അഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിൽ അവരെ അവഹേളിക്കുന്നതിനോ അപകീർത്തികരമായ പരാമർശം നടത്തുന്നതിനോ ഒരു സംഘടനയ്ക്കോ വ്യക്തിക്കോ സാധിക്കില്ല. രാജ്യത്തിന്റെ നായകന്മാരെയും രക്തസാക്ഷികളെയും അപകീർത്തിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി 2018-ൽ ചൈന നിയമനിർമാണം നടത്തിയിരുന്നു. ഇതിനൊപ്പമാണ് പുതിയ നിയമവും ചേർക്കുന്നത്.

പിഎൽഎ സൈനികരെ അപകീർത്തിപ്പെടുത്തിയതിന് പ്രമുഖ ചൈനീസ് ബ്ലോഗറായ കിയു സിമിങ്ങിനെ രാജ്യം അടുത്തിടെ ശിക്ഷിച്ചിരുന്നു. കിഴക്കൻ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈനീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരെ അവഹേളിച്ച കുറ്റത്തിന് എട്ടുമാസത്തെ തടവിനാണ് ഇയാളെ ശിക്ഷിച്ചത്. 2.5 ദശലക്ഷം ഫോളോവേഴ്സുളള ബ്ലോഗറോട് പ്രധാനപ്പെട്ട ആഭ്യന്തര പോർട്ടലുകൾ, ദേശീയമാധ്യമങ്ങൾ എന്നിവ മുഖാന്തരം പത്തുദിവസത്തിനുളളിൽ മാപ്പുപറയാനും നിർദേശം നൽകിയിരുന്നു.

സൈനിക ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുന്ന കേസിലും സൈനികരുടെ അവകാശങ്ങളും താല്പര്യങ്ങളും ലംഘിക്കുക വഴി അതവരുടെ പ്രകടനത്തേയും കടമകളെയും ദൗത്യത്തെയും ബാധിക്കുകയും സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്യുകയാണെങ്കിൽ പുതിയ നിയമപ്രകാരം പ്രോസിക്യൂട്ടർമാർക്ക് പൊതുതാല്പര്യഹർജി ഫയൽ ചെയ്യാൻ സാധിക്കും. സൈനിക ഉദ്യോഗസ്ഥന്മാരുടെ ഫലകങ്ങളെ അപമാനിക്കുന്നതും നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *