
തിരുവനന്തപുരം: എന്‍.സി.ഇ.ആര്.ടി പാഠപുസ്തകങ്ങളില്‍ നിന്നും രാഷ്ട്രീയതാല്‍പ്പര്യത്തോടെ ഏതാനും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയത് ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാര്‍ഹവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പാഠപുസ്തകങ്ങള്‍ പരിപൂര്‍ണമായ കാവിവല്‍ക്കരിക്കലാണ് ഇത്തരം നടപടികളിലൂടെ എന്‍.സി.ഇ.ആര്.ടി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ് ബുക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം: ” എന്‍.സി.ഇ.ആര്.ടി പാഠപുസ്തകങ്ങളില്‍ നിന്ന് രാഷ്ട്രീയ ലാക്കോടെ ഏതാനും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാര്‍ഹവുമാണ്. പാഠപുസ്തകങ്ങളില്‍ നിന്നും തങ്ങള്‍ക്ക് അഹിതകരമായവ വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്കരിക്കാനാവില്ല.
പാഠപുസ്തകങ്ങളുടെ പരിപൂര്‍ണമായ കാവിവല്‍ക്കരണമാണ് ഇത്തരം നടപടികളിലൂടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഗാന്ധി വധവും തുടര്‍ന്നുണ്ടായ ആര്.എസ്.എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയത് ആരുടെ താല്പര്യപ്രകാരമാണെന്ന് വ്യക്തമാണ്.
ഇതേ ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെയും പറിച്ചു മാറ്റിയിരിക്കുന്നു. മുഗള്‍ സാമ്രാജ്യത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ മധ്യകാല ചരിത്രപഠനം അപൂര്‍ണ്ണമാണ്.
മധ്യകാല ഇന്ത്യന്‍ ചരിത്രം എക്കാലത്തും സംഘപരിവാര്‍ വളച്ചൊടിക്കലുകളുടെ മേഖലയാണ്. ഈ പാഠഭാഗം ഒഴിവാക്കുക വഴി സംഘപരിവാര്‍ നിര്‍മിത വ്യാജ ചരിത്രത്തെ വെള്ളപൂശുക കൂടിയാണ് എന്‍.സി.ഇ.ആര്.ടി ചെയ്യുന്നത്.
ചരിത്രസത്യങ്ങളെ മാറ്റിയോ മറിച്ചോ കാവി പുതപ്പിച്ചാല്‍ ചരിത്രം ചരിത്രമല്ലാതായി മാറില്ല. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ പാഠപുസ്തകങ്ങള്‍ വഴി കുരുന്നുമനസ്സുകളിലേക്ക് ഒളിച്ചുകടത്താനാണ് സംഘപരിവാര്‍ ചരിത്രത്തിന്റെ കാവി വല്‍ക്കരണത്തിലൂടെ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ വികലമായ ചരിത്ര രചനാ രീതിശാസ്ത്രത്തിന് അനുകൂലമായ നിലപാടുകളാണ് എന്‍സിഇആര്‍ടി കൈക്കൊള്ളുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ വിദ്യാഭ്യാസത്തെ അട്ടിമറിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.”
