ബെയ്‌റൂട്ട്: തങ്ങള്‍ക്ക് എതിരേ പോരാടുന്ന സിറിയന്‍ ദേശീയ മുന്നണിയിലെ വിമതരെ തകര്‍ക്കുമെന്ന് അല്‍ക്വയ്ദ ബന്ധമുള്ള ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്‍ഡ് ലെവാന്റ് (ഐസില്‍) എന്ന തീവ്രവാദിഗ്രൂപ്പ് മുന്നറിയിപ്പു നല്‍കി.
അസാദിനെ എതിര്‍ക്കുന്നവരുടെ പ്രാതിനിധ്യം സിറിയന്‍ ദേശീയ മുന്നണിക്കാണെന്ന് ഗള്‍ഫ് രാജ്യങ്ങളും പാശ്ചാത്യരും അംഗീകരിച്ചിട്ടുള്ളതാണ്. ഇറാക്കില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഐസില്‍ അടുത്തയിടെയാണു സിറിയയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.
ഐസില്‍ ഗ്രൂപ്പിന്റെ ആലപ്പോയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ നിയന്ത്രണം അഞ്ചുദിവസത്തെ പോരാട്ടത്തിനുശേഷം തങ്ങള്‍ കൈയടക്കിയെന്നു വിമതര്‍ അറിയിച്ചു. ഇതെത്തുടര്‍ന്നാണ് വിമതരെ തകര്‍ക്കുമെന്ന് ഐസില്‍ വക്താവ് ഭീഷണി മുഴക്കിയത്. സിറിയയില്‍ ഇസ്ലാമിക സ്റ്റേറ്റ് രൂപീകരിക്കുകയാണ് ഐസിലിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ പ്രസിഡന്റ് അസാദിനെ താഴെയിറക്കുക എന്ന ലക്ഷ്യമാണു മറ്റു വിമത ഗ്രൂപ്പുകള്‍ക്കുള്ളത്.
സിറിയന്‍ സൈന്യത്തിനെതിരേ യോജിച്ചു പോരാടാന്‍ വിമതര്‍ക്കു കഴിയാത്ത സ്ഥിതിയാണു സംജാതമായിരിക്കുന്നത്. വിമതര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ വെള്ളിയാഴ്ചയ്ക്കുശേഷം ഇതുവരെ 274 പേര്‍ക്കു ജീവഹാനി നേരിട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു.
