മലയാള സിനിമയിൽ തന്റേതായ ഒരിടം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് കാഞ്ഞങ്ങാട് സ്വദേശിയായ വരുൺ രവീന്ദ്രൻ. 2022 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമ കൂടിയായ ‘വഴിയെ’യിലെ പ്രധാന കഥാപാത്രത്തിലൂടെയാണ് വരുൺ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. രണ്ടാം ചിത്രമായ ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിലും ബുക്ക് മൈ ഷോ സ്ട്രീമിലും ലഭ്യമാണ്.
നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ‘വഴിയെ’ പരീക്ഷണ ചിത്രമെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. നിരവധി അന്തർദേശീയ ചലച്ചിത്ര മേളകളിൽ ചർച്ചയായ ചിത്രം ദ എക്കണോമിക്സ് ടൈംസ് പുറത്ത് വിട്ട മികച്ച 10 മലയാള സിനിമകളുടെ പട്ടികയിലും ഇടം നേടിയിരുന്നു.
ബിരുദ പഠനത്തിന് ശേഷം ഫോട്ടോഗ്രാഹിയിൽ ഡിപ്ലോമ ചെയ്ത വരുൺ മുമ്പ് ധാരാളം ഷോർട്ട് ഫിലിമുകൾക്ക് ക്യാമറ കൈകാര്യം ചെയ്ത വ്യക്തിയാണ്. വരുൺ ക്യാമറ ചലിപ്പിച്ച ‘മിറർ ഓഫ് റിയാലിറ്റി’, ‘മാറ്റം ദി ചേഞ്ച്’ തുടങ്ങിയ ഹ്രസ്വചിത്രങ്ങൾ ആമസോൺ പ്രൈമിലിം ആപ്പിൾ ടിവിയിലും റിലീസ് ചെയ്തിരുന്നു. ഇവ ധാരാളം വിദേശ ചലച്ചിത്ര മേളകളിലും തിരഞ്ഞെടുത്തിരുന്നു.
വരുൺ ഇപ്പോൾ നവംബറിൽ തുടങ്ങാനിരിക്കുന്ന തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ്. മലയാളത്തിലും തമിഴിലും കന്നഡയിലുമായി ധാരാളം പ്രോജക്ടുകൾ ചർച്ചയിലാണ്. അശ്വിനിയാണ് വരുണിന്റെ ഭാര്യ. ഇവർക്ക് അനാർക്കലി എന്ന മകളുണ്ട്.