ഡൽഹിയിൽ റെഡ് സിഗ്നല്‍ തെറ്റിച്ചെത്തിയ കാർ രണ്ട് ട്രാഫിക് പൊലീസുകാരെ ഇടിച്ച് തെറിപ്പിച്ചു. ഡൽഹിയിലെ ബെർ സറായിയിൽ ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് സംഭവം. റെഡ് സിഗ്നല്‍ തെറ്റിച്ചെത്തിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെയാണ് കാർ ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ചത്.
വാഹനങ്ങളിൽ പരിശോധന നടത്തുകയായിരുന്ന അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ പ്രമോദും ഹെഡ് കോൺസ്റ്റബിൾ സൈലേഷ് ചൗഹാനുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇവരെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ ബോണറ്റിലേക്ക് വീണ പൊലിസുകാരെ 20 മിനിറ്റോളം വലിച്ചിഴക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വാഹനം നിർത്തതെ 20 മിനിറ്റോളം വലിച്ചിഴക്കുകയായിരുന്നുവെന്നും അപകടത്തിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വസന്ത് കുഞ്ച് സ്വദേശിയായ ജയ് ഭഗവാൻ്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.