
പ്രതിരോധ വാക്സിന്‍ എടുത്തിട്ടും പേവിഷ ബാധയേറ്റ് എഴുവയസുകാരി മരിച്ച സംഭവം അതീവ ഗൗരവകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു മാസത്തിനിടെ പേ വിഷബാധയേറ്റ് മരിച്ച മൂന്ന് കുട്ടികളും വാക്സിന്‍ എടുത്തവരാണ്. ഈ സംഭവങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധയെത്തുടര്‍ന്ന് എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഏഴുവയസുകാരി കൊല്ലം കുന്നിക്കോട് സ്വദേശിനി നിയാ ഫൈസല്‍ മരിച്ച സംഭവം ആരോഗ്യ വകുപ്പിന്റെ അനാസ്ഥ ഒന്നു കൂടി വ്യക്തമാക്കുന്നതാണ്. മൂന്നു ഡോസ് വാക്സിന്‍ എടുത്ത കുട്ടിക്കാണ് പേവിഷബാധയുണ്ടായതെന്നത് അതീവ ഗൗരവതരമാണ്. ഒരുമാസത്തിനിടെ പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് മൂന്ന് കുട്ടികളാണ് മരിച്ചത്.

ഏപ്രില്‍ 9-ന് പത്തനംതിട്ട പുല്ലാട് സ്വദേശിയായ പതിമൂന്ന് വയസുകാരിയും വാക്സിന്‍ എടുത്ത ശേഷമാണ് പേവിഷബാധയേറ്റ് മരിച്ചത്. ഏപ്രില്‍ 29-ന് മലപ്പുറം സ്വദേശിയായ ആറു വയസുകാരനും ഇതേ രീതിയിലാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് പേ വിഷബാധയേറ്റ് മരിച്ച 102 പേരില്‍ 20 പേര്‍ക്കാണ് വാക്‌സിനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത്. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും വാക്സിന്‍ സുരക്ഷിതമെന്നാണ് ആരോഗ്യവകുപ്പ് ന്യായീകരിക്കുന്നത്.
