സഞ്ചാരപ്രിയരുടെ ഇഷ്ടകേന്ദ്രമാകുന്ന നരക്കോട് മീറോട് മല.

സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരപ്രിയരുടെ ഇഷ്ടകേന്ദ്രമാണ് മേപ്പയ്യൂരിന് അടുത്തുള്ള നരക്കോട് മീറോട് മല. പ്രത്യേകിച് തണുപ്പ് കാലം കൂടി ആയതോടെ ഒരുപാട് പേർ ഇവിടം തേടി എത്തുന്നു .മൂന്ന് പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന മലമുകളില്‍ പുലർച്ചെയും വൈകുന്നേരങ്ങളിലുമായി നിരവധി പേരായിരുന്നു എത്തിയിരുന്നത് . കീഴരിയൂര്‍, മേപ്പയ്യൂര്‍ പഞ്ചായത്തുകളിലായാണ് മലയുടെ കൂടുതല്‍ പ്രദേശം. ഇക്കോടൂറിസം കേന്ദ്രമായി വികസിപ്പിച്ചാല്‍ പ്രദേശത്തുകാര്‍ക്കും ഏറെ പ്രയോജനം ചെയ്യും. മലയുടെ മുകള്‍തട്ടിലെത്തിയാല്‍ താഴ് വാരത്തെ കാഴ്ചകളെല്ലാം കാണാം. അകലെ അകലാപുഴയുടെ പ്രകൃതിഭംഗിയും ആസ്വദിക്കാം.
ദൂരക്കാഴ്ചയായി കടലും ദൃശ്യമാകും. അസ്തമയ കാഴ്ചയും മനോഹരമാണ്. കോടമഞ്ഞും പെയ്തിറങ്ങും. യുവാക്കളാണ് പ്രദേശത്തേക്ക് കൂടുതലായി എത്തിയിരുന്നത് . കുടുംബാംഗങ്ങള്‍ക്കൊപ്പം വരുന്നവരും കുറവല്ല.സര്‍ക്കാര്‍സ്ഥലവും സ്വകാര്യസ്ഥലവുമെല്ലാമുള്ള മേഖലയാണ് മലയോരം. ഇതിന്റെ മുകള്‍വശത്ത് കേന്ദ്രസര്‍ക്കാരിന്റെ മൈക്രോവേവ് റിപ്പീറ്റിങ് സ്റ്റേഷനും മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെ മൈക്രോ വേവ് മലയെന്നും വിളിപ്പേരുണ്ടായി. മലയുടെ മുകളില്‍ വലിയ കളരി, ചെറിയ കളരി എന്നു പേരുള്ള പ്രദേശങ്ങളുമുണ്ട്. പണ്ടുകാലത്ത് കളരിയുണ്ടായിരുന്നെന്നും പറയപ്പെടുന്നു. കീഴരിയൂര്‍ ഭാഗത്ത് നിന്നും ചമ്പഭാഗത്ത് കൂടിയും നരക്കോട് മരുതേരിപറമ്പ് ഭാഗത്ത് കൂടിയും മലയിലേക്ക് കടക്കാനുള്ള വഴികളുണ്ട്.ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകളിലെ അറിയപ്പെടാത്ത പ്രകൃതി ഭംഗിയുള്ള കേന്ദ്രങ്ങള്‍ മാപ്പിങ് നടത്തി ഇക്കോടൂറിസം കേന്ദ്രങ്ങളായി വളര്‍ത്തിയെടുക്കാന്‍ നേരത്തെ ആലോചന നടത്തിയിരുന്നു. ഈ പ്രദേശവും ടൂറിസം സാധ്യതയുള്ള മേഖലയായി അടയാളപ്പെടുത്തിയിരുന്നു. നരക്കോട് സമീപത്ത് നിന്നാണ് ഇപ്പോള്‍ മലയുടെ മുകള്‍തട്ടിലേക്കുള്ള റോഡുള്ളത്.ടാറിട്ട റോഡ് കുറച്ചു ദൂരമേയുള്ളൂ. ചെമ്മണ്‍പാത കോണ്‍ക്രീറ്റ് ചെയ്താല്‍ മലയിലേക്കുള്ള യാത്ര സുഗമമാക്കാം. വിശ്രമ സൗകര്യങ്ങളും കുട്ടികളുടെ പാര്‍ക്കുമെല്ലാം ഒരുക്കിയാല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകും.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *