
കുറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ച് വഞ്ചിയൂരിലെ വീട്ടിലെത്തി നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിലെ പ്രതി ഡോ.ദീപ്തിമോൾ ജോസ് (37) പിടിയിലായി.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ദീപ്തിയെ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് പിടികൂടിയത്. ഇവരുടെ ഭർത്താവും ഡോക്ടറാണ്. ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ദീപ്തിയെ വൈകിട്ട് ആറുമണിയോടെ കമ്മിഷണർ ഓഫിസിൽ എത്തിച്ചു രാത്രി വൈകിയും ചോദ്യം ചെയ്തു.
പൊലീസ് പറഞ്ഞത്: ഷിനിയുടെ ഭർത്താവ് സുജീത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്തി. ഈയിടെ ദീപ്തിയും സുജീത്തും തമ്മിൽ അകന്നു. സുജീത്തുമായുള്ള സൗഹൃദത്തിനു ഷിനി തടസ്സമാണെന്നു കണ്ടാണ് ഇവരെ വകവരുത്താൻ ശ്രമിച്ചതെന്നാണ് ദീപ്തിയുടെ കുറ്റസമ്മതം.
