ഷര്‍ട്ടിടാന്‍ അനുവദിക്കാതെ പൊലീസ്; ഷാജന്‍ സ്‌കറിയയ്ക്ക് നാലു മണിക്കൂറിനുള്ളില്‍ ജാമ്യം നല്‍കി കോടതി

അറസ്റ്റിലായ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് നാലു മണിക്കൂറിനുള്ളില്‍ ജാമ്യം നല്‍കി കോടതി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ശ്വേത ശശികുമാര്‍ ആണ് ജാമ്യം അനുവദിച്ചത്.കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജന്‍ സ്‌കറിയയുടെ അഭിഭാഷകന്‍ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുന്‍പ് നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് അറസ്റ്റ് നടന്നിരിക്കുന്നതെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് അര്‍ദ്ധരാത്രി ഷാജന് ജാമ്യം അനുവദിച്ചത്.മാഹി സ്വദേശി നല്‍കിയ പരാതിയിലാണ് ഷാജന്‍ സ്‌കറിയയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഷര്‍ട്ടിടാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും തനിക്കെതിരായ കേസെന്തെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും ഷാജന്‍ സ്‌കറിയ പ്രതികരിച്ചു. പിണറായിസം തുലയട്ടെയെന്ന് മുദ്രാവാക്യം മുഴക്കിയ അദ്ദേഹം ജനാധിപത്യം സംരക്ഷിക്കാനാണ് താന്‍ ജയിലിലേക്ക് പോകുന്നതെന്നും തനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസെന്നും പറഞ്ഞു. ഒരു കേസിലും താന്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.‘പ്രായമായ അപ്പന്റെയും അമ്മയുടെയും മുന്നില്‍ നിന്ന് തന്നെ പിടിച്ചുകൊണ്ടുവന്നു. കേസെന്തെന്ന് തന്നോട് പറഞ്ഞിട്ടില്ല. മകള്‍ക്ക് വേണ്ടി അഴിമതി നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ അവസാനം വരെ നിലകൊള്ളും. പിണറായിസം തുലയട്ടെ. ഷര്‍ട്ടിടാന്‍ പൊലീസ് അനുവദിച്ചില്ല. കേസിന്റെ വിവരങ്ങള്‍ പൊലീസ് സ്റ്റേഷനിലെത്തിയ ശേഷം പറയാമെന്ന് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്‍ ജയിലിലേക്ക് പോകുന്നു’- എന്നും ഷാജന്‍ പ്രതികരിച്ചു.

ബിഎന്‍എസ് 75(1)(4), ഐടി ആക്ട് 67, കെപിഎ ആക്ട് 120 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 2024 ഡിസംബര്‍ 23 ന് മറുനാടന്‍ മലയാളിയുടെ ഓണ്‍ലൈന്‍ ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്.ഹണി ട്രാപ്പിലൂടെ ലൈംഗീക വാഗ്ദാനം നല്‍കി പണം തട്ടുന്നുവെന്ന് വാര്‍ത്ത നല്‍കി തന്നെ സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും മോശം സ്ത്രീയായി ചിത്രീകരിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *