ശബരിമലയിൽ നാല് ദിവസത്തിനുള്ളില്‍ എത്തിയത് രണ്ട് ലക്ഷത്തോളം ഭക്തര്‍

ഇത്തവണത്തെ മണ്ഡലകാല മഹോത്സവത്തിന്റെ ആദ്യ നാല് ദിവസത്തിനുള്ളില്‍ അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത് രണ്ട് ലക്ഷത്തിലധികം ഭക്തര്‍. ഇനിയുള്ള ദിവസങ്ങളില്‍ ഭക്തരുടെ എണ്ണം വര്‍ധിക്കുമെന്നാണ് ഇത് നല്‍കുന്ന സൂചനകള്‍. അവധി ദിവസമായ ഇന്നും (20) നാളെയും ഒരു ലക്ഷത്തോളംപേര്‍ വീതമെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

നട തുറന്ന 16 ന് 26,378 പേരാണ് ബുക്ക് ചെയ്തശേഷം ദര്‍ശനത്തിന് എത്തിയത്. സ്‌പോട്ട് ബുക്കിംഗിലൂടെ എത്തിയവരുടെ എണ്ണംകൂടി പരിഗണിച്ചാല്‍ ഇത് 30,000 കവിയും. 50,000ല്‍ അധികം ഭക്തരാണ് 17, 18 തീയതികളില്‍ വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തശേഷം കലിയുഗവരദ ദര്‍ശനത്തിനായി പതിനെട്ടാംപടി ചവിട്ടിയത്. 19 ന് 72,000 ഓളം ബുക്കിംഗ് ആണ് ഉണ്ടായിരുന്നത്. ഇതില്‍ 50,000 ത്തോളം പേരും ഉച്ചയ്ക്ക് മുന്നേതന്നെ സന്നിധാനത്തെത്തിയിരുന്നു.

സമാധാനപരമായ അന്തരീക്ഷത്തില്‍, പരാതികള്‍ക്കിടയില്ലാത്ത മണ്ഡലകാലമായതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ ഭക്തര്‍ ഇവിടേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഹരിഹര പുത്രനെ ദര്‍ശിക്കുന്നതിനുള്ള സമയക്രമം നീട്ടിയത് ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിട്ടുണ്ട്. രാവിലെ അഞ്ചിന് എന്നത് പുലര്‍ച്ചെ മൂന്ന് മുതലാക്കി മാറ്റിയതോടെ അയ്യപ്പ ദര്‍ശനത്തിന് കൂടുതല്‍ സമയം ലഭിച്ചു. ഇത് ഭക്തരുടെ കാത്തുനില്‍പ്പിനുള്ള സമയക്രമത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ഇക്കാരണംകൊണ്ടുതന്നെ സന്നിധാനത്തേക്ക് എത്തുന്ന ഭക്തരുടെ എണ്ണം ഇനിയും വര്‍ധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *