വ്യാജ വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി വാങ്ങിയവർക്ക് ക്രിമിനൽ ബാധ്യതയില്ലെന്ന് സുപ്രീം കോടതി


online news portal

വ്യാജ വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ വസ്തു വാങ്ങിയ വ്യക്തിക്ക് ആ വിൽപത്രത്തിലെ ക്രമക്കേടുകളിൽ പങ്കില്ലെങ്കിൽ അയാൾ ക്രിമിനൽ നടപടികൾ നേരിടേണ്ടതില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിൽപത്രത്തിൽ കൃത്രിമം നടന്നുവെന്ന് പിന്നീട് കണ്ടെത്തിയാലും അത് അറിയാതെ വസ്തു വാങ്ങിയ ആൾക്കെതിരെ വഞ്ചനാക്കുറ്റം ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.


വ്യാജ വിൽപത്രം ഉപയോഗിച്ച് ഭൂമി കൈമാറ്റം ചെയ്യാൻ സഹായിച്ചു എന്നാരോപിച്ച് വാങ്ങിയയാൾക്ക് എതിരെ നിലനിന്നിരുന്ന ക്രിമിനൽ നടപടികൾ കോടതി റദ്ദാക്കി. വസ്തു വാങ്ങുന്ന സമയത്ത് വിൽപത്രത്തിലെ കൃത്രിമത്വത്തെക്കുറിച്ച് അറിവില്ലാതിരിക്കുകയും ആ കാലയളവിൽ വിദേശത്തായിരിക്കുകയും ചെയ്ത സാഹചര്യത്തിൽ വാങ്ങിയയാളെ ക്രിമിനൽ കുറ്റവാളിയായി കാണാൻ കഴിയില്ല. ഇത്തരം സാഹചര്യങ്ങളിൽ വസ്തു വാങ്ങിയവരാണ് യഥാർത്ഥത്തിൽ ഇരകളെന്നും കാരണം വഞ്ചനാപരമായ വിൽപത്രം വഴി അവർ വാങ്ങിയ വസ്തുവിന്റെ ഉടമസ്ഥാവകാശം തർക്കത്തിലാവുകയാണ് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി

online news portal

തമിഴ്‌നാട്ടിലെ ഒരു കുടുംബസ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമർശം. 1988 ൽ പിതാവ് മരിക്കുന്നതിന് തൊട്ടുമുമ്പ് തയ്യാറാക്കിയ വിൽപത്രം വ്യാജമാണെന്ന് കാണിച്ച് മകൻ പരാതി നൽകുകയായിരുന്നു. ഈ വിൽപത്രം ഉപയോഗിച്ച് പരാതിക്കാരന്റെ സഹോദരൻ 1998 ൽ ഭൂമി മറിച്ചുവിറ്റു. ഇതിൽ ഭൂമി വാങ്ങിയ ഒരാളാണ് കേസ് റദ്ദാക്കാൻ കോടതിയെ സമീപിച്ചത്.

വിൽപത്രത്തിൽ കൃത്രിമം കാണിക്കുന്നതിലോ ഗൂഢാലോചനയിലോ വാങ്ങലുകാരന് പങ്കുണ്ടെന്ന് തെളിയിക്കാൻ മതിയായ രേഖകളില്ലെന്ന് കോടതി നിരീക്ഷിച്ചു. വസ്തു വാങ്ങുന്ന സമയത്ത് ഇയാൾ പ്രായപൂർത്തിയാകാത്ത ആളായിരുന്നു എന്നതും കോടതി കണക്കിലെടുത്തു. ഐ പി സി 420 (നിലവിലെ ബി എൻ എസ് 318(4)) വകുപ്പ് പ്രകാരം വഞ്ചനാക്കുറ്റം ചുമത്താൻ ആവശ്യമായ മനഃപൂർവമായ പ്രേരിപ്പിക്കലോ ചതിക്കലോ ഇവിടെ നടന്നിട്ടില്ല. പരാതിക്കാരനും വാങ്ങലുകാരനും തമ്മിൽ നേരിട്ട് കരാറുകൾ ഒന്നുമില്ലാത്തതിനാൽ ഉടമസ്ഥാവകാശത്തിലെ തർക്കം ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്ന് മുഹമ്മദ് ഇബ്രാഹിം വേഴ്സസ് സ്റ്റേറ്റ് ഓഫ് ബിഹാർ (2009) കേസിലെ തത്വങ്ങൾ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.



Sharing is Caring