വിവാദം തുടരുന്നതിനിടെ എൽ.ഡി.എഫ് നിർണായക ഇന്ന്

എഡിജിപി എം ആർ അജിത് കുമാർ – ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ വിവാദം തുടരുന്നതിനിടെ നിർണായക എൽ.ഡി.എഫ് യോഗം ഇന്ന് ചേരും.
എം.ആർ.അജിത്കുമാറിനെതിരെ നടപടിയെടുക്കാത്തതിൽ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രി മുന്നണി യോഗത്തിൽ നിലപാട് വിശദീകരിച്ചേക്കും.

സർക്കാരിന്റെ പുതിയ മദ്യനയവും യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന.പോലീസ് തലപ്പത്തെ രണ്ടാമൻ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രതിപക്ഷം ശക്തമായ ആയുധമായി ഉപയോഗിക്കുന്നുണ്ട്. എം.ആർ അജിത്കുമാറിനെ സർക്കാർ സംരക്ഷിക്കുന്നതിൽ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തിയുമുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കഴിഞ്ഞദിവസം അത് പരസ്യമാക്കുകയും ചെയ്തു. തൃശ്ശൂർ പൂരം വിവാദത്തിലെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന സിപിഐ ആവശ്യത്തിനും പരിഗണന ലഭിച്ചിട്ടില്ല.

ഇന്ന് മുന്നണി യോഗം ചേരുമ്പോൾ സിപിഐക്ക് പുറമേ ആർ.ജെ.ഡി അടക്കമുള്ളവർ ഈ വിഷയം ഉന്നയിച്ചേക്കും. സംഘപരിവാർ വിരുദ്ധ പോരാട്ടമെന്ന് പരസ്യമായി പറയുമ്പോഴും, ആർഎസ്എസിന്റെ പ്രധാനിയുമായി പോലീസ് തലപ്പത്തുള്ളയാൾ കൂടിക്കാഴ്ച നടത്തിയതിൽ നടപടിയില്ലാത്തത് പൊതുസമൂഹത്തിന് മുന്നിൽ സംശയത്തിന് ഇട നൽകിയിട്ടുണ്ടെന്ന് ഘടകകക്ഷികൾക്ക് അഭിപ്രായമുണ്ട്. എഡിജിപിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിശോധന നടക്കുന്നുണ്ടെന്നും,അതിൽ റിപ്പോർട്ട് കിട്ടിയശേഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറയാനാണ് സാധ്യത.

Spread the love

Leave a Reply

Your email address will not be published. Required fields are marked *