
വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനം വന്‍ തോതില്‍ ഉയരുമെന്നു മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുറമുഖം നല്‍കുന്ന വിവിധ സേവനങ്ങളിലൂടെ വന്‍ നികുതി വരുമാനമാണ് ലഭിക്കുകയെന്നു മുഖ്യമന്ത്രി വിശദമാക്കി.
2045 ല്‍ സമ്പൂര്‍ണ പ്രവര്‍ത്തനതീയിലേക്ക് തുറമുഖം മാറുമെന്നാണ് നേരത്തെ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ അതിനും 17 വര്‍ഷം മുമ്പുതന്നെ സമ്പൂര്‍ണ നിലയിലേക്ക് മാറും എന്ന തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. 2028 ഓടെ സമ്പൂര്‍ണ തുറമുഖമായി ഇതുമാറും എന്നത് അതീവ സന്തോഷകരമായ കാര്യമാണ്. ഗൗതം അദാനി ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കാണിച്ച മുന്‍ കൈക്ക് നന്ദി രേഖപ്പെടുത്തുന്നു.

തുറമുഖാധിഷ്ഠിത തൊഴില്‍ ധാരാളം ഉണ്ടാവാന്‍ പോകുന്നു. ഇതിനായി ട്രെയിനിങ്ങ് സെന്റര്‍ ഒരുക്കും. തുറമുഖവുമായി ബന്ധപ്പെട്ടം ധാരാളം പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. 5000 കോടിയുടെ പദ്ധതി കേന്ദ്രത്തില്‍ നിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം രാജ്യത്തിനു നല്‍കുന്ന സംഭാവനയാണ് വിഴിഞ്ഞം. രാജ്യത്തെ കണ്ടൈനല്‍ ബിസിനസ്സിന്റെ കേന്ദ്രമായി കേരളം മാറും. ലോകത്തില്‍ ഇത്തരത്തിലുള്ള തുറമുഖങ്ങള്‍ കൈവിരലില്‍ എണ്ണാവുന്നതേ ഉള്ളൂ.
മദര്‍ ഷിപ്പുകള്‍ ഇങ്ങോട്ട് ധാരാളമായി വരാന്‍ പോകുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് ബര്‍ത്ത് ചെയ്യാന്‍ കഴിയുന്ന ഇടമായി വിഴിഞ്ഞം മാറുന്നു എന്നതാണ് വലിയ പ്രത്യേകത. ഇത് ട്രയല്‍ റണ്‍ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷന്‍ ഇതോടെ ആരംഭിക്കുകയാണ്. ഏറെ വൈകാതെ തുറമുഖം പൂര്‍ണ രീതിയിലേക്ക് മാറും. മദര്‍ പോര്‍ട്ട് എന്നു വിശേഷിപ്പിക്കാന്‍ ആവും വിധം സുസജ്ജമായ തുറമുഖമായി ഇതു മാറുകയാണ്. ഇതു വലിയ അഭിമാനം പകരുന്ന നിമിഷമാണ്. ഒന്നാം ഘട്ടമാണ് ഇവിടെ പൂര്‍ത്തിയാവുന്നത്. രണ്ടും മൂന്നും നാലും ഘട്ടം പൂര്‍ത്തിയാകുന്നതോടെ സുസജ്ജമായ വിശാല തുറമുഖമായി ഇതു മാറും.
