വിമാന സർവീസുകളില്‍ സീറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഈടാക്കുന്ന അധിക നിരക്കുകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിട്ടു.വിമാനത്തിലെ മൊത്തം സീറ്റുകളില്‍ 60 ശതമാനമെങ്കിലും യാതൊരുവിധ അധിക ചാർജും ഈടാക്കാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന് ഡയറക്ടർ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ വിമാനക്കമ്പനികള്‍ക്ക് കർശന നിർദ്ദേശം നല്‍കി.
നിലവില്‍ വെറും 20 ശതമാനം സീറ്റുകള്‍ക്ക് മാത്രമാണ് അധിക തുകയില്ലാതെ തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നത്. ജനാലയ്ക്കരികിലെ സീറ്റുകള്‍, കൂടുതല്‍ ലെഗ്-റൂമുള്ള സീറ്റുകള്‍ എന്നിവയ്ക്ക് കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നു എന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ ഇടപെടല്‍.സീറ്റ് തിരഞ്ഞെടുക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും പുതിയ നിർദ്ദേശത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഒരേ പി.എൻ.ആറില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് പരമാവധി അടുത്തടുത്ത സീറ്റുകള്‍ തന്നെ അനുവദിക്കണമെന്ന് ഡി.ജി.സി.എ നിർദ്ദേശിച്ചു.

മുൻഗണനാ ക്രമത്തിലുള്ള സീറ്റുകള്‍ പണം നല്‍കി തിരഞ്ഞെടുത്തില്ലെങ്കില്‍, യാത്രാ തീയതിയോട് അടുപ്പിച്ച് ബാക്കിയുള്ള സീറ്റുകള്‍ യാത്രക്കാർക്ക് നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. എന്നാല്‍ പുതിയ പരിഷ്കാരം വരുന്നതോടെ സാധാരണക്കാരായ യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ ഇഷ്ടപ്പെട്ട സീറ്റുകള്‍ ലഭിക്കാനുള്ള സാധ്യത വർധിക്കും.













