കോഴിക്കോട്: പേരാമ്പ്രയിലുണ്ടായ കോൺഗ്രസ്- പൊലീസ് സംഘര്‍ഷത്തില്‍ ഷാഫി പറമ്പിൽ എംപി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി ടി സിദ്ദിഖ് എംഎല്‍എ. ‘വികൃതമായത് പൊലീസിന്റെ മുഖമാണ്, പോരാളിയുടേതല്ല…! സര്‍ക്കാരിന്റെ മുഖമാണ് പോരാളിയുടെ മുഖമല്ല.’ എന്നാണ് ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചത് ‘ ഇത് ഞങ്ങളുടെ മനസിൽ പതിഞ്ഞിരിക്കുന്നു. ഇത് ഇവിടെ തീരില്ല.’ ടി സിദ്ദിഖ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകന്റെ ചിത്രം പങ്കുവെച്ചായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.
പേരാമ്പ്രയിൽ കോൺഗ്രസ്-പൊലീസ് സംഘര്‍ഷത്തിൽ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും അടക്കം ഏഴ് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാർക്കും പരിക്കേറ്റു. ഡിവൈഎസ്പിയുടെ കൈക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പേരാമ്പ്ര സികെജെ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് യുഡിഎഫ് പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു.
ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് സിപിഐഎമ്മും പ്രകടനം നടത്താന്‍ തീരുമാനിച്ചു. ഒരേ സമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റത്.
‘ഈ മര്‍ദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കില്‍, ഇതിലും വലിയ പരാജയം പേരാമ്പ്രയില്‍ നിങ്ങള്‍ക്കുണ്ടാകുമെന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്. എന്തിനെക്കൊണ്ട് വാര്‍ത്ത മറച്ചാലും സ്വര്‍ണം കട്ടവരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുക തന്നെ ചെയ്യും. ഇനി പൊലീസിനോടാണ്, ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല തരുന്നത് എന്ന ഓര്‍മ്മ വേണം. ഇപ്പോള്‍ ചെയ്ത പണിക്കുളള മറുപടി ഞങ്ങള്‍ നല്‍കുന്നതായിരിക്കും’: എന്നായിരുന്നു ഷാഫി പറമ്പിൽ പ്രതികരിച്ചത്.












