വാച്ചുവിനൊപ്പം അഹാന കൃഷ്ണയും വെള്ളിത്തരിയിലേക്ക്

Ahana-krishna-kumarസിനിമയില്‍ ഇത് രണ്ടാം തലമുറയുടെ കാലം. മക്കള്‍ വാഴ്ച. അടുത്തതായി എത്തുന്നത് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണയാണ്. സംവിധായകന്‍ ഫാസിലിന്റെ ഇളയ മകന്‍ ഫര്‍ഹാന്‍ ഫാസില്‍ എന്ന വാച്ചു അരങ്ങേറ്റം കുറിക്കുന്ന സിനിമയിലൂടെയാണ് അഹാനയും വെള്ളിവെളിച്ചത്തിലെത്തുന്നത്. അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരകുടുംബങ്ങളില്‍ നിന്നുള്ള ഇവരുടെ അരങ്ങേറ്റം.
‘വേദിക’ സാരീസിന്റെ പരസ്യ മോഡലായി നേരത്തെ അഹാന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ചെന്നൈയിലെ എംഒപി വൈഷ്ണവ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ അഹാന. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാന്‍ ആദ്യം അഹാന താല്‍പര്യം കാണിച്ചിരുന്നില്ല. അന്നയും റസൂലും എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ നായികയാവാന്‍ അഹാനയെ രാജീവ് രവി സമീപിച്ചിരുന്നതാണ്. എന്നാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്ന് ചൂണ്ടിക്കാട്ടി അഹാന വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. അതിനുശേഷം ഇപ്പോഴാണ് അഹാനയെ രാജീവ് രവി വീണ്ടും സമീപിച്ചത്.
ഇത്തവണ അഹാനയെ സമ്മതിപ്പിക്കേണ്ട ചുമതല തന്റെ ഭാര്യയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെ ഏല്പിക്കുകയായിരുന്നു. അഹാനയ്ക്ക് പഠനം തുടരുന്നതിന് കുഴപ്പമില്ലെന്നും ഷൂട്ടിംഗിന്റെ ഭൂരിഭാഗവും അവധിക്കാലത്തായിരിക്കും എന്നും ഗീതു അഹാനയെ ബോധ്യപ്പെടുത്തി. തുടര്‍ന്നാണ് അഹാന സമ്മതം മൂളിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് (ജനുവരി 7) തിരുവനന്തപുരത്ത് ആരംഭിക്കും. തിരുവനന്തപുരം തന്നെയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

Sharing is Caring