വരുമാനമില്ലാത്ത സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

വരുമാനമില്ലാത്ത സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ലാഭകരമല്ലാത്ത സര്‍വീസുകള്‍ നടത്തണമെങ്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനമോ പാസഞ്ചര്‍ അസോസിയേഷനോ ഡീസലിന്‍റെ തുക നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു ഗതാഗത മന്ത്രി. രണ്ടാഴ്ചക്കകം ഇത്തരം സര്‍വീസ് കണ്ടെത്തി ചീഫ് ഓഫീസില്‍ അറിയിക്കാന്‍ യൂണിറ്റ് അധികാരികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. എം.ഡി ബിജു പ്രഭാകറിന്‍റെ ഉത്തരവ്. കെ.എസ്.ആര്‍.ടി.സി വരുമാനത്തിന്‍റെ ഭൂരിഭാഗവും ഡീസലിനാണ് ചെലവാകുന്നത്. പ്രതിമാസ ശമ്പളം, പെന്‍ഷന്‍, കണ്‍സോര്‍ഷ്യം ലോണ്‍ വായ്പാ തിരിച്ചടവ് എന്നിവക്കെല്ലാം സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായമാണ് ആശ്രയം. കഴിഞ്ഞ ദിവസം യൂണിറ്റ് അധികാരികളുമായി എം.ഡി. ബിജു പ്രഭാകര്‍ ചര്‍ച്ച നടത്തി. വരുമാനമില്ലാത്ത ട്രിപ്പുകള്‍ ഒഴിവാക്കാനാണ് തീരുമാനം. ഈ വര്‍ഷം ആദ്യം കെ.എസ്.ആര്‍.ടി.സി. 3800 സര്‍വീസുകള്‍ നടത്തിയിരുന്നു. മാര്‍ച്ച് ആയപ്പോള്‍ അത് 3300 ആയി ചുരുങ്ങി. ഇപ്പോള്‍ 3100 സര്‍വീസാണ് ദിനംപ്രതിയുള്ളത്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സര്‍വീസ് വെട്ടിക്കുറക്കലല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നാണ് കോര്‍പ്പറേഷന്‍റെ ന്യായം.സര്‍വീസ് മുടങ്ങുന്നത് ഒഴിവാക്കാനാണ് ലാഭകരമല്ലാത്ത സര്‍വീസുകള്‍ നടത്തണമെങ്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനമോ, പാസഞ്ചര്‍ അസോസിയേഷനോ ഡീസലിന്‍റെ തുക നല്‍കണമെന്ന നിര്‍ദേശം ഗതാഗത മന്ത്രി മുന്നോട്ടു വച്ചത്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *