വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമെന്ന് രാഹുൽ ഗാന്ധി. തന്റെ പിതാവ് മരിച്ചപ്പോൾ തനിക്ക് തോന്നിയ അതേ വികാരമാണ് ഇപ്പോൾ തോന്നുന്നതെന്നും വയനാട്ടിലെ കുട്ടികൾക്ക് പലർക്കും പിതാവിനെ മാത്രമല്ല, അവരുടെ മുഴുവൻ കുടുംബത്തേയും നഷ്ടപ്പെട്ടുവെന്നും അവരുടെ വേദന വളരെ വലുതാണെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇത് തന്നെ സംബന്ധിച്ച് പ്രയാസമേറിയ ദിവസമാണെന്നും രാജ്യം മുഴുവൻ വയനാടിനൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
സഹോദരി പ്രിയങ്കാ ഗാന്ധിയ്ക്കൊപ്പമാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്. എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും എല്ലാ ജനങ്ങളേയും പുനരധിവസിപ്പിക്കണമെന്നും പ്രിയങ്കാ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
വയനാട്ടിൽ രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നവർക്കും ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കുന്നവർക്കും തന്റെ നന്ദി അറിയിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. തന്നെ സംബന്ധിച്ച് വയനാട്ടിൽ നടന്നത് ദേശീയ ദുരന്തം തന്നെയാണ്. കേന്ദ്രസർക്കാർ എന്ത് തീരുമാനിക്കുന്നുവെന്ന് നോക്കാം. ഈ സമയത്ത് രാഷ്ട്രീയ വിഷയങ്ങൾ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. വയനാട്ടിലെ ജനങ്ങൾക്ക് സഹായം ആവശ്യമാണ്. അതിന് രാജ്യമാകെ ഒപ്പം നിൽക്കുമെന്ന് താൻ കരുതുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.