വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്രക്കാർക്ക് മോശം ഭക്ഷണം നല്‍കിയ സംഭവത്തില്‍ ഐആർസിടിസിക്ക് റെയില്‍വേ 10 ലക്ഷം രൂപ പിഴ ചുമത്തി.ഈ മാസം 15-ന് ട്രെയിനില്‍ വിതരണം ചെയ്ത അത്താഴത്തില്‍ പുഴുവരിച്ച തൈര് കണ്ടെത്തിയതിനെത്തുടർന്ന് യാത്രക്കാരൻ നല്‍കിയ പരാതിയിലാണ് നടപടി.
ഭക്ഷണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തതോടെയാണ് റെയില്‍വേ കർശന നടപടിയുമായി രംഗത്തെത്തിയത്.സംഭവത്തില്‍ ഭക്ഷണ വിതരണത്തിന് കരാറെടുത്ത സ്വകാര്യ കാറ്ററിംഗ് കമ്ബനിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും അവരുടെ കരാർ ഉടനടി റദ്ദാക്കുകയും ചെയ്തു. യാത്രക്കാരുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള അനാസ്ഥകള്‍ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് റെയില്‍വേ അധികൃതർ വ്യക്തമാക്കി.














