ലൈംഗിക അതിക്രമ കേസിലെ പ്രതിയും ശതകോടീശ്വരനും ആയ ജെഫ്രി എപ്‌സ്റ്റീൻന്റെ വിചിത്രമായ ‘ആത്മഹത്യാ കുറിപ്പ്’ പുറത്ത്


ലൈംഗിക അതിക്രമ കേസിലെ പ്രതിയും ശതകോടീശ്വരനും ആയ ജെഫ്രി എപ്‌സ്റ്റീൻ മരിക്കുന്നതിന് മുമ്പ് എഴുതിയതെന്ന് കരുതപ്പെടുന്ന വിവാദപരമായ കുറിപ്പ് ഏഴ് വർഷങ്ങള്‍ക്ക് ശേഷം പുറത്ത്.ന്യൂയോർക്ക് ടൈംസ് നല്‍കിയ അപേക്ഷയെത്തുടർന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി കെന്നത്ത് കരാസാണ് കുറിപ്പ് പുറത്തുവിടാൻ ഉത്തരവിട്ടത്. എപ്‌സ്റ്റീന്റെ സ്വകാര്യതയേക്കാള്‍ പൊതുജനതാല്‍പ്പര്യത്തിനാണ് മുൻഗണനയെന്ന് കോടതി നിരീക്ഷിച്ചു.


ഫെഡറല്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് തനിക്കെതിരെ ഒന്നും കണ്ടെത്താനായില്ലെന്ന് എപ്‌സ്റ്റീൻ അവകാശപ്പെടുന്ന വരികളാണ് പുറത്തുവന്ന കുറിപ്പിലുള്ളത്.അദ്ദേഹത്തിന്റെ കൈപ്പടയില്‍ എഴുതിയതും ഒപ്പില്ലാത്തതുമായ ഈ കുറിപ്പില്‍, “അവർ മാസങ്ങളോളം അന്വേഷിച്ചു. ഒന്നും കണ്ടെത്തിയില്ല” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വിടപറയാൻ സ്വന്തം സമയം തിരഞ്ഞെടുക്കാൻ കഴിയുന്നത് ഒരു വിരുന്നാണ് എന്നും താൻ പൊട്ടിക്കരയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതില്‍ രസമില്ലെന്നും അതിന് മൂല്യവുമില്ലെന്നും ഇതില്‍ എഴുതിയിട്ടുണ്ട്.

online news portal

എപ്‌സ്റ്റീന്റെ സെല്‍മേറ്റായിരുന്ന മുൻ പോലീസ് ഓഫീസർ നിക്കോളാസ് ടാർടാഗ്ലിയോണെയാണ് ഈ കുറിപ്പ് കണ്ടെത്തിയത്. 2019 ജൂലൈ 23-ന് എപ്‌സ്റ്റീൻ ജയിലില്‍ ആദ്യമായി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ, ഒരു പുസ്തകത്തിനുള്ളില്‍ നിന്നാണ് ഇത് ലഭിച്ചതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇതിന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് എപ്‌സ്റ്റീനെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അതേസമയം, ഈ കുറിപ്പിന്റെ ആധികാരികതയില്‍ ഇപ്പോഴും വ്യക്തതയില്ല.

സർക്കാർ രേഖകളിലോ എപ്‌സ്റ്റീന്റെ മരണത്തെക്കുറിച്ച്‌ നടന്ന ഔദ്യോഗിക അന്വേഷണ റിപ്പോർട്ടുകളിലോ ഈ കുറിപ്പിനെക്കുറിച്ച്‌ പരാമർശങ്ങള്‍ ഒന്നും തന്നെയില്ല. എപ്‌സ്റ്റീൻ മരിച്ച സമയത്ത് അദ്ദേഹത്തിന്റെ സെല്ലില്‍ നിന്ന് മറ്റൊരു കുറിപ്പ് ലഭിച്ചിരുന്നുവെങ്കിലും, അത് ഭക്ഷണത്തെയും ജയിലിലെ പ്രാണികളെയും കുറിച്ചുള്ള പരാതികള്‍ മാത്രമായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.2019 ഓഗസ്റ്റ് 10-നാണ് മാൻഹട്ടനിലെ ജയിലില്‍ എപ്‌സ്റ്റീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളാണ് എപ്‌സ്റ്റീന് ആത്മഹത്യ ചെയ്യാൻ സാഹചര്യമൊരുക്കിയതെന്ന് അധികൃതർ പിന്നീട് കണ്ടെത്തിയിരുന്നു.



Sharing is Caring