ലിയോണല്‍ മെസി പ്രീമിയർ ലീഗിലേക്ക്. വായ്പാ കരാറില്‍ മെസിയെ ടീമിലെത്തിക്കാൻ ലിവർപൂളാണ് ശ്രമിക്കുന്നത്.മേജർ ലീഗ് സോക്കറില്‍ ഗോളടിമേളത്തോടെ സീസണ്‍ അവസാനിപ്പിച്ച ലിയോണല്‍ മെസി ഇപ്പോള്‍ വിശ്രമത്തില്‍. ഇന്‍റർ മയാമിയുടെ മത്സരങ്ങള്‍ പുനരാരംഭിക്കുക ഫെബ്രുവരി അവസാനവാരം മാത്രം. ഈ ഇടവേളയില്‍ ബെക്കാം റൂള്‍ പ്രകാരം മെസിയെ പ്രീമിയർ ലീഗില്‍ എത്തിക്കാനാണ് നിലവിലെ ചാമ്ബ്യൻമാരായ ലിവർപൂളിന്‍റെ ശ്രമം.ലോകകപ്പ് വർഷമായതിനാല്‍ ഏറെനാള്‍ കളിക്കളത്തില്‍നിന്ന് വിട്ടു നില്‍ക്കേണ്ടെന്നാണ് മെസിയുടെ തീരുമാനം.
ഇത് പ്രയോജനപ്പെടുത്താണ് പ്രീമിയർ ലീഗ് ചാമ്ബ്യൻമാരുടെ നീക്കം. അര്‍ജന്‍റീന ടീമിലെ മെസിയുടെ സഹതാരം അലക്സി മക് അലിസ്റ്ററും ലിവര്‍പൂളില്‍ കളിക്കുന്നുണ്ട്. മേജർ ലീഗ് സോക്കറിന്‍റെ ഇടവേളയില്‍ യൂറോപ്യൻ ലീഗില്‍ കളിക്കുന്നതാണ് ബെക്കാം റൂള്‍. അമേരിക്കൻ ലീഗിലെ ലോസാഞ്ചലസ് ഗാലക്സി താരമായിരുന്ന ബെക്കാം സീസണ്‍ ഇടവേളയില്‍ ഇറ്റാലിയൻ ക്ലബ് എ സി മിലാനില്‍ രണ്ടു സീസണില്‍ കളിച്ചിരുന്നു. ഇതാണ് പിന്നീട് ബെക്കാം റൂള്‍ എന്നറിയപ്പെട്ടത്.

നാലോ അഞ്ചോ ആഴ്ച മെസി ടീമിനൊപ്പം ഉണ്ടെങ്കില്‍ കളിയിലും ആരാധക പിന്തുണയിലും വലിയ മാറ്റം ഉണ്ടാവുമെന്നാണ് ലിവർപൂള്‍ മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ. 20 കളിയില്‍ 34 പോയിന്‍റുമായി ലീഗില്‍ നാലാം സ്ഥാനത്താണിപ്പോള്‍ ലിവർപൂള്‍. ബെക്കാം റൂള്‍ പ്രകാരം മെസ്സിയെ കാംപ് നൗവില്‍ തിരികെ എത്തിക്കാൻ ബാഴ്സലോണയും ശ്രമിച്ചിരുന്നു. എന്നാല്‍ ഈനീക്കം വിജയിച്ചില്ല. ദക്ഷിണ കൊറിയൻ താരം ഹ്യൂങ് മിൻ സണ്‍ ബെക്കാം റൂള്‍ പ്രകാരം മുൻക്ലബായ ടോട്ടനത്തിലും തിരികെ എത്തിയേക്കും.












